ആമ്പല്ലൂര്‍: വരന്തരപ്പിള്ളി പഞ്ചായത്തിലെ മുനിയാട്ടുക്കുന്നില്‍ പുരാവസ്തുവകുപ്പ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. അനധികൃത പാറമടകളുടെ പ്രവര്‍ത്തനവും കൈയേറ്റവും മൂലം നശിച്ച മുനിയാട്ടുകുന്നിലെ അവശേഷിക്കുന്ന മുനിയറകള്‍ സംരക്ഷിക്കുന്നതിനായാണ് ബോര്‍ഡ് സ്ഥാപിച്ചത്. മുനിയറകള്‍ സര്‍ക്കാറിെൻറ സംരക്ഷിത സ്മാരകമാണെന്നും ഇവ കേടുവരുത്തുകയോ വിരൂപമാക്കുകയോ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നുമാണ് അറിയിപ്പ്. മുനിയറകള്‍ നശിപ്പിക്കുന്നത് പ്രാചീന സ്മാരക പുരാവസ്തു സങ്കേത, പുരാവശിഷ്ട നിയമം മുപ്പതാം വകുപ്പു പ്രകാരം മൂന്നുമാസം കഠിന തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇതുമായി ബന്ധപ്പെട്ട് ജില്ല കലക്ടറുടെ അറിയിപ്പാണ് മുനിയാട്ടുകുന്നില്‍ സ്ഥാപിച്ചത്. മുനിയറ സംരക്ഷണനടപടി ആവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്തും മുനിയാട്ടുകുന്ന് സംരക്ഷണ സമിതിയും പുരാവസ്തു വകുപ്പിന് നിവേദനം നല്‍കിയിരുന്നു. 2000 വര്‍ഷത്തിലേറെ പഴക്കമുള്ള മുനിയറകളെ കുറിച്ച് പഠനം നടത്തുമെന്നും മുനിയറകള്‍ പുനരുദ്ധരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും പുരാവസ്തു വകുപ്പ് ക്യൂറേറ്റര്‍ ശ്രീനാഥ് പറഞ്ഞു. ശിലായുഗത്തിെൻറ അവശേഷിപ്പുകളായ 12 മുനിയറകളുടെ സമുച്ചയമാണ് മുനിയാട്ടുകുന്നിലെന്നാണ് പുരാവസ്തു വകുപ്പിെൻറ രേഖകളില്‍ പറയുന്നത്. ഇതില്‍ കണ്ടെത്തിയിട്ടുള്ള ഒരു സമുച്ചയത്തിലെ ഒരു മുനിയറ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. 12 അടി നീളമുള്ള കരിങ്കല്‍ പാളികൊണ്ട് നിർമിച്ച മുനിയറകളില്‍ പൗരാണിക കാലത്ത് മുനിമാര്‍ താമസിച്ചിരുന്നുവെന്നാണ് കരുതുന്നത്. ഇപ്പോള്‍ കണ്ടെത്തിയവ കൂടാതെ മുനിയാട്ടുകുന്നില്‍ കൂടുതല്‍ മുനിയറകള്‍ മറഞ്ഞിരിപ്പുണ്ടെന്നാണ് പരിഷത്ത് പ്രവര്‍ത്തകര്‍ പറയുന്നത്. മുനിയാട്ടുകുന്ന് സംരക്ഷണ സമിതി പ്രവര്‍ത്തകരായ വർഗീസ് ആൻറണി, എന്‍.കെ. ഭാസ്‌കരന്‍, എ.എം. കൃഷ്ണന്‍, വി.എ. ലിേൻറാ, കെ.കെ. അനീഷ്കുമാര്‍ എന്നിവര്‍ വകുപ്പ് അധികൃതരോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.