ചോദിക്കാനാരുമില്ല; ദേശീയപാതയോരം മാലിന്യക്കൂമ്പാരമാകുന്നു

ആമ്പല്ലൂര്‍: ദേശീയപാതയോരം മാലിന്യം തള്ളൽ കേന്ദ്രമാകുന്നു. പാലിയേക്കര ടോള്‍ പ്ലാസ മുതല്‍ കുഞ്ഞനംപാറവരെ വന്‍തോതില്‍ മാലിന്യം തള്ളിയിരിക്കുകയാണ്. പാതയോരത്ത് തള്ളുന്ന മാലിന്യം മഴവെള്ളത്തില്‍ ഒഴുകി ജലസ്രോതസ്സുകളിലേക്കാണ് എത്തുന്നത്. പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപത്തെ അറക്കപ്പാടവും തലോര്‍ മേരിപാലത്തിന് ചുറ്റുമുള്ള പാടവും മാലിന്യക്കൂമ്പാരമായി. മഴ ശക്തമായതോടെ ഈ മാലിന്യമെല്ലാം പാടത്തെ ചെറു തോടുകളിലൂടെ ഒഴുകിയെത്തുന്നത് മണലി പുഴയിലേക്കാണ്. പാടത്തെ വെള്ളത്തില്‍ മാലിന്യം നിറഞ്ഞതോടെ പരിസരവാസികള്‍ ഭീതിയിലാണ്. മാലിന്യം നിറഞ്ഞ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ സമീപത്തെ വീട്ടുകിണറുകളിലെ വെള്ളത്തിന് നിറവ്യത്യാസം ഉണ്ടാകുന്നതായി നാട്ടുകാര്‍ പറയുന്നു. തൃശൂര്‍, കൊച്ചി, ആലുവ തുടങ്ങി പ്രധാന നഗരങ്ങളില്‍നിന്ന് കൊണ്ടുവരുന്ന ശുചിമുറി മാലിന്യം തള്ളുന്നത് പാലിയേക്കര മുതല്‍ തലോര്‍ ബൈപാസ് വരെയുള്ള ദേശീയപാതയോരത്താണ്. പാതയുടെ ഇരുഭാഗങ്ങളിലുമായി ടാങ്കര്‍ ലോറിയിലാണ് മാലിന്യം കൊണ്ട് തള്ളുന്നത്. അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. മണലി, പാലിയേക്കര, തലോര്‍, എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപ്പുകളില്‍നിന്നുള്ള മാലിന്യവും പാടത്തേക്കാണ് ഒഴുക്കുന്നത്. പാലിയേക്കര സമാന്തര പാതയോരത്തും വ്യാപകമായി മാലിന്യം തള്ളുന്നുണ്ട്. ഈ മാലിന്യമെല്ലാം തോടുകളിലൂടെ മണലിപ്പുഴയിലെ കാച്ചകടവിലാണ് എത്തിച്ചേരുന്നത്. മണലിപ്പുഴയില്‍ നിരവധി ശുദ്ധജല പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.