അർബൻ ബാങ്ക്​ വിവാദം: കൗൺസിലിൽ കോൺഗ്രസ്​ ഭിന്നത

ഗുരുവായൂര്‍: അർബൻ ബാങ്ക് നിയമന വിവാദത്തിന് തടയിടാൻ ഡി.സി.സി നിർദേശിച്ച 'രാജി'ഔഷധം ഫലിച്ചില്ല. അർബൻ ബാങ്ക് വിവാദങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ രൂപംകൊണ്ട എതിർപ്പുകൾ നഗരസഭ കൗൺസിലിൽ വ്യാഴാഴ്ചയും അലയടിച്ചു. നിയമന വിവാദത്തിന് പരിഹാരമായി അർബൻ ബാങ്ക് ചെയർമാനും വൈസ് ചെയർമാനും രാജിവെക്കണമെന്ന ഡി.സി.സിയുടെ നിർദേശം നടപ്പാക്കിയിട്ടും പ്രശ്നത്തിന് പരിഹാരമായില്ലെന്ന് കൗൺസിൽ യോഗത്തിലെ കോൺഗ്രസ് അംഗങ്ങളുടെ പ്രകടനം തെളിയിച്ചു. വിമത കൗൺസിലർമാർ പരസ്യമായി നേതൃത്വത്തിനെതിരെ നിലപാടെടുത്തു. അർബൻ ബാങ്ക് വൈസ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് ആേൻറാ തോമസിനെതിരെ ഭരണപക്ഷത്തെ കെ.വി. വിവിധ്, സുരേഷ് വാര്യർ എന്നിവർ കത്തിക്കറിയപ്പോൾ മണ്ഡലം പ്രസിഡൻറായ ജോയ് ചെറിയാൻ അടക്കമുള്ള ഒരു വിഭാഗം കോൺഗ്രസ് കൗൺസിലർമാർ നിശ്ശബ്ദത പാലിച്ചു. സാധാരണക്കാർക്ക് ആവശ്യമായ പദ്ധതികളില്ലെന്നും പ്ലാസ്റ്റിക് മാലിന്യ ശേഖരണം അടക്കമുള്ള പദ്ധതികൾ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് ആേൻറാ തോമസ് ആരോപിച്ചപ്പോഴാണ് അർബൻ ബാങ്ക് അഴിമതി വിഷയവുമായി വിവിധും സുരേഷ് വാര്യരും പ്രത്യാക്രമണം നടത്തിയത്. പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് വീടുകളിൽ നഗരസഭ നൽകിയ സഞ്ചിയുമാണ് ആേൻറാ കൗൺസിലിൽ എത്തിയത്. പ്ലാസ്റ്റിക് ശേഖരണത്തിന് നടപടി ആരംഭിച്ചിട്ടുണ്ടെന്നും എന്നാൽ, സ്വന്തം പക്ഷത്തുനിന്നുയർന്ന അഴിമതി ആരോപണത്തെ തുടർന്ന് ബാങ്ക് വൈസ് ചെയർമാൻ സ്ഥാനം രാജിവെച്ച ആേൻറാക്ക് കൗൺസിലറായി തുടരാൻ ധാർമിക അവകാശമില്ലെന്നുമായിരുന്നു ഭരണപക്ഷ നിലപാട്. ഇതോടെ ഒരുവിഭാഗം കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധവുമായി എഴുന്നേറ്റു. അതേസമയം, മണ്ഡലം പ്രസിഡൻറ് അടക്കമുള്ള ചിലർ നിശബ്ദരായി ഇരുന്നു. അഴിമതി നടത്തിയ ബാങ്ക് ഭരണ സമിതിയെ പിരിച്ചുവിടാൻ സർക്കാർ തയാറാവാത്തത് ഭരണപക്ഷത്തുള്ളവരും പങ്കുപറ്റിയതിനാലാണെന്ന് മുസ്ലിം ലീഗിലെ റഷീദ് കുന്നിക്കൽ പറഞ്ഞു. കത്തിക്കയറിയ അർബൻ ബാങ്ക് വിവാദം ഒടുവിൽ നഗരഭാധ്യക്ഷ ഇടപെട്ടാണ് അവസാനിപ്പിച്ചത്. പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. കെ.പി. വിനോദ്, ടി.ടി. ശിവദാസൻ, കെ.വി. വിവിധ്, സുരേഷ് വാര്യർ, ടി.എസ്. ഷെനിൽ, പി.എസ്. രാജൻ, ലത പ്രേമൻ, ബാബു പി. ആളൂർ, ബഷീർ പൂക്കോട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.