ഗുരുവായൂര്‍: വാട്ടർ അതോറിറ്റിയുടെ കെടുകാര്യസ്ഥത ഗുരുവായൂർ, ചാവക്കാട് നഗരസഭകൾക്ക് ബാധ്യതയാകുന്നു. കരുവന്നൂർ കുടിവെള്ള പദ്ധതി അനന്തമായി നീണ്ടുപോയതിനാൽ എസ്റ്റിമേറ്റിലുണ്ടായ വർധനവാണ് നഗരസഭകൾക്ക് ബാധ്യതയാവുന്നത്. ഗുരുവായൂർ, ചാവക്കാട് നഗരസഭകൾക്ക് കരുവന്നൂർ പുഴയിൽ നിന്ന് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിക്ക് 2009ൽ തുടക്കം കുറിക്കുമ്പോൾ 50.45 കോടി രൂപയായിരുന്നു പ്രതീക്ഷിച്ച െചലവ്. 80 ശതമാനം െചലവ് കേന്ദ്ര സർക്കാറും 10 ശതമാനം സംസ്ഥാന സർക്കാറും ശേഷിക്കുന്ന 10 ശതമാനം ഗുരുവായൂർ, ചാവക്കാട് നഗരസഭകൾ ചേർന്നുമാണ് വഹിക്കുന്നത്. ഗുരുവായൂർ നഗരസഭ നൽകേണ്ട വിഹിതത്തിെൻറ ഒരു ഭാഗം ദേവസ്വം നൽകും. എന്നാൽ രണ്ട് വർഷംകൊണ്ട് കമീഷൻ ചെയ്യുമെന്ന് പ്രഖ്യാപിച്ച പദ്ധതി ഇപ്പോഴും പൂർത്തിയായിട്ടില്ല. അടുത്ത മാസത്തോടെ കമീഷൻ ചെയ്യാമെന്നാണ് ഇപ്പോൾ പറയുന്നത്. പദ്ധതി പൂർത്തീകരണം വൈകിയതോടെ െചലവിലും വർധനവുണ്ടായി. പുതിയ എസ്റ്റിമേറ്റ് അനുസരിച്ച് 2.10 കോടി രൂപ ഗുരുവായൂർ അധികമായി നൽകണം. ഈ തുക 14ാം ധനകാര്യ കമീഷെൻറ ഗ്രാൻറ് ഇനത്തിൽ ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ പണം നൽകുമ്പോൾ 15ാം ധനകാര്യ കമീഷനിൽ നഗരസഭ വിഹിതം കുറയും. വാട്ടർ അതോറിറ്റിയുടെ കെടുകാര്യസ്ഥത മൂലമുണ്ടായ നഷ്ടത്തിന് ഗുരുവായൂർ, ചാവക്കാട് നഗരസഭകളുടെ പദ്ധതി വിഹിതത്തിൽ കുറവുണ്ടാകുന്ന സ്ഥിതിയാകും. വ്യാഴാഴ്ച കൗൺസിൽ യോഗത്തിൽ നഗരസഭ മുൻ അധ്യക്ഷൻ ടി.ടി. ശിവദാസൻ വിഷയം ഉന്നയിച്ചു. വാട്ടർ അതോറിറ്റി വഴിയുണ്ടാകുന്ന നഷ്ടം നഗരസഭയുടെ പദ്ധതികളെ ബാധിക്കാതിരിക്കാൻ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന് കത്ത് നൽകുമെന്ന് നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി പറഞ്ഞു. പദ്ധതിക്കായി ദേശീയപാത പൊളിച്ച് പൈപ്പിടുന്നതിന് ദേശീയപാത അതോറിറ്റിക്ക് അഞ്ച് വർഷം കൂടുമ്പോൾ നൽകേണ്ട വിഹിതം നഗരസഭകൾ ചേർന്നാണ് നൽകുന്നത്. ഈ തുക നൽകാൻ വാട്ടർ അതോറിറ്റി തയാറാവാതിരുന്നതിനെ തുടർന്നാണ് നഗരസഭകൾ ഈ ഉത്തരവാദിത്തം ഏറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.