വിപണി വാഴുന്നത്​ ഇതര സംസ്​ഥാന മത്സ്യങ്ങൾ

തൃശൂർ: ജില്ലയിലെ മത്സ്യവിപണി കീഴടക്കി ഇതര സംസ്ഥാന വ്യാപാരികൾ. ഇത്തരം മത്സ്യങ്ങൾ ഭൂരിഭാഗവും രാസപദാർഥങ്ങൾ ചേർത്തവയുമാണ്. തുടർച്ചയായ കടൽക്ഷോഭം കാരണം കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനാവാത്ത സാഹചര്യം മുതലെടുക്കുകയാണ് ഇതര സംസ്ഥാന മത്സ്യ വ്യാപാരികൾ. കേടുവരാതിരിക്കാൻ ഉപയോഗിക്കുന്ന മാരക വിഷമായ ഫോർമാലിനും അമോണിയയും േചർത്ത മത്സ്യങ്ങൾക്ക് ചാകരക്കാലമാണിത്. മൃതദേഹം നശിക്കാതിരിക്കാൻ മോർച്ചറികളിൽ ഉപയോഗിക്കുന്ന രാസപദാർഥമാണ് ഫോർമാലിൻ. കഴിഞ്ഞദിവസം തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ 10 പൊലീസുകാര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഊണിനൊപ്പം കഴിച്ച മീനില്‍നിന്നാണ് വിഷബാധയേറ്റതെന്നാണ് ആരോഗ്യവകുപ്പി​െൻറ റിപ്പോർട്ട്. മായം കലര്‍ന്ന മത്സ്യം വിപണിയിലെത്തുന്നത് ആശങ്ക ഉയര്‍ത്തുകയാണ്. വേണ്ടത്ര പരിശോധന നടക്കാത്തതാണ് ഇത്തരം വ്യാപാരികൾക്ക് തണലാകുന്നത്. നേരത്തേ ഉണ്ടായിരുന്ന ഓപറേഷൻ രുചി ഏതാണ്ട് നിലച്ച മട്ടാണ്. 14 മുതല്‍ ട്രോളിങ് നിരോധനം വരുന്നതോടെ ഇതരസംസ്ഥാനത്തുനിന്നുള്ള ഒഴുക്ക് വർധിക്കും. കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് ഇത്തരം മത്സ്യങ്ങൾ ജില്ലയിലേക്ക് എത്തുന്നത്. അയല, മത്തി, ആവോലി, കുടുത, കേര, നെയ്മീൻ അടക്കം വിവിധ മത്സ്യങ്ങളാണ് വരുന്നത്. മത്സ്യങ്ങളുടെ വായിലും ചെകിളയിലും തുള്ളികളായി ഫോർമാലിനും അമോണിയയും ഒഴിച്ചതിനു ശേഷം ശീതീകരിച്ചാണ് ലോറികളിൽ കടത്തുന്നത്. കേടാവാതെ, കാഴ്ചക്ക് പുതിയ മീനെന്ന് തോന്നിപ്പിക്കുംവിധം എത്രദിവസം വേണമെങ്കിലും ഇവ നിൽക്കും. ഭീമൻ മത്സ്യങ്ങൾ അടക്കം വിവിധ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവയുടെ കാലപ്പഴക്കം നിർണയിക്കാനുമാവില്ല. നാടൻ മത്സ്യങ്ങളെ അപേക്ഷിച്ച് മൊത്തവിപണിയിൽ വില കുറവായതിനാൽ വൻലാഭമാണ് ചെറുകിട കച്ചവടക്കാർ നേടുന്നത്. രാസപദാർഥം ഉപയോഗിച്ച മത്സ്യം ഉപയോഗിക്കുന്നവർക്ക് മാത്രമല്ല, വ്യാപാരികൾക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നു. ഇത്തരം മീനുമായി ഏറെനേരം ചെലവിടുന്നതിനാൽ കൈ വിണ്ടുകീറുകയും പൊള്ളുകയും ചെയ്യുന്നുണ്ട്. തീരങ്ങളിൽ വറുതി തൃശൂർ: ജില്ലയുടെ തീരം രൂക്ഷമായ വറുതിയിലാണ്. ഒാഖി ചുഴലിക്കാറ്റിന് ശേഷം കടൽ വല്ലാതെ കനിയുന്നില്ല. ഇടക്കിടെയുള്ള കടൽക്ഷോഭം കാരണം കടലിൽ പോകാനുമാവാത്ത സ്ഥിതിയാണ്. പോയിട്ടും വലിയ കാര്യമില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മത്സലഭ്യത കുറവായതിനാൽ ചെലവിനുപോലും പണം കിട്ടാത്ത സന്ദർഭങ്ങളുമുണ്ട്. റേഷൻ മണ്ണെണ്ണ നിലച്ചതോടെ വലിയ വിലയ്ക്ക് മണ്ണെണ്ണ വാങ്ങിയാണ് പ്രതീക്ഷയോടെ കടലിൽ പോകുന്നത്. പേക്ഷ, തിരിച്ചുവരുമ്പോൾ നിരാശയാകും പലപ്പോഴും ഫലം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.