തൃശൂർ: ജാതീയതയും വംശീയതയും പ്രതിരോധിക്കാൻ ബ്ലാക്ക് ആൻഡ് വൈറ്റ് പോർട്രെയ്റ്റ് ഫോട്ടോകളുമായി ചിത്രകാരൻ പ്രവീൺ ഒഫീലിയ. ലളിതകല അക്കാദമി ആർട്ട് ഗാലറിയിലെ 'പോയിൻറ് ബ്ലാക്ക്'പ്രദർശനമാണ് നിറത്തിെൻറ വെറുപ്പിനെ പ്രതിരോധിക്കാൻ ചിത്രങ്ങളൊരുക്കിയിരിക്കുന്നത്. രൂപത്തിലും ഭാവത്തിലും രൂക്ഷമായതും കറുപ്പിെൻറ കരുത്തിലും പ്രതിഷേധത്തിലും ഫോക്കസ് ചെയ്ത ചിത്രങ്ങളാണ് പ്രേക്ഷകരെ അഭിമുഖീകരിക്കുക. നിറമാണ് ലോകമെമ്പാടും വിവേചനത്തിനുള്ള ഏറ്റവും വലിയ അടയാളമായിരിക്കുന്നത്. ഒരേ മതവും ദേശീയതയും ഭാഷയും ഒക്കെ ആയിരിക്കുമ്പോഴും നിറം ഒരുവനെ മാറ്റിനിർത്തുന്നു. ഈ വിവേചനത്തേയും അതിനെതിരായ പ്രതിഷേധത്തേയും രേഖപ്പെടുത്തുകയാണ് ഒഫീലിയ തയ്യാറാക്കിയ ഛായാചിത്രങ്ങൾ. ആശയം വ്യക്തമാക്കി പ്രത്യേക ഫോട്ടോ ഷൂട്ടുകൾ നടത്തിയാണ് പോർട്രെയ്റ്റുകൾ തയാറാക്കിയത്. വ്യക്തികളെ അവരുടെ സ്വാഭാവികമായ അവസരത്തിൽ പകർത്തുകയാണ് ചെയ്തത്. ഇത്തരത്തിൽ തിരഞ്ഞെടുത്ത 30 ചിത്രങ്ങളുടെ പ്രദർശനമാണ് 13വരെ ചിത്രശാല ആർട്ട് ഗാലറിയിൽ നടക്കുക. ചിത്രകാരനും ഗ്രാഫിക് ഡിസൈനറും അനിമേറ്ററുമായ പ്രവീൺ ഒഫീലിയ പട്ടാമ്പി സ്വദേശിയാണ്. ദുബൈ കേന്ദ്രമാക്കി ഗ്രാഫിക് ഡിസൈനറായി പ്രവർത്തിക്കുന്നു. വേറിട്ട വ്യക്തിത്വങ്ങളെ അവരുടെ ജീവിതപരിസരങ്ങളിൽ ചിത്രീകരിക്കുന്ന 'മൈ ലൈഫ്', അടിച്ചമർത്തപ്പെട്ടവരുടെ ജീവിതത്തിലേക്ക് കണ്ണു തുറക്കുന്ന 'ഒഫീഷ്യലി അൺ ക്ലാസിഫൈഡ്'തുടങ്ങിയ പ്രോജക്ടുകളുടെ പണിപ്പുരയിലാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.