തൃശൂർ: സഹകരണ സംഘം ജീവനക്കാരുടെ പെൻഷൻ ബോർഡിെൻറ തൃശൂർ മേഖല ഓഫിസ് പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് രണ്ടു മാസത്തിനകം തീരുമാനിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. വർഷങ്ങളായി തൃശൂരിൽ പ്രവർത്തിച്ചിരുന്ന ഓഫിസിൽനിന്ന് ലഭിച്ചിരുന്ന സൗകര്യം നഷ്ടപ്പെടുമെന്ന പരാതിക്കാരുടെ ആശങ്ക സർക്കാർ ഉചിതമായി പരിഗണിക്കണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു. കമീഷൻ ഇതു സംബന്ധിച്ച് സഹകരണ വകുപ്പ് സെക്രട്ടറിയിൽനിന്ന് വിശദീകരണം തേടിയിരുന്നു. തൃശൂർ ഓഫിസ് നിർത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം.ആർ. മണിലാലും മറ്റ് 13 പേരും ചേർന്ന് സമർപ്പിച്ച പരാതിയിലാണ് നടപടി. ഭരണ െചലവുകൾ കുറക്കാനും അപേക്ഷ തീർപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കാനുമാണ് മേഖല ഓഫിസ് നിർത്തിയതെന്ന് സഹകരണ വകുപ്പ് സെക്രട്ടറി കമീഷനെ അറിയിച്ചു. പെൻഷൻ കൃത്യസമയത്ത് വിതരണം ചെയ്യാനും പരാതികൾ കേന്ദ്രീകൃതമായ രീതിയിൽ പരിഹരിക്കാനും ഇതുവഴി കഴിയുമെന്നും സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറഞ്ഞു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 40,000ഒാളം പെൻഷൻകാരുടെ ഫയലുകൾ കൈകാര്യം ചെയ്യുന്ന ഓഫിസാണ് നിർത്തലാക്കിയത്. പരാതിക്കാർക്ക് സഹകരണ വകുപ്പ് സെക്രട്ടറിയെ സമീപിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.