ജീവിതത്തെ ക്രമീകരിച്ച വ്രതം നോമ്പനുഭവം (സ്റ്റീഫൻ ദേവസി-സംഗീതജ്ഞൻ) തൃശൂർ: ജീവിതത്തിലെ ഇപ്പോഴും വിസ്മയം തോന്നിയിട്ടുള്ള വേറിട്ടൊരു അനുഭവമാണ് നോമ്പ്കാലം...സ്കൂൾ ജീവിതകാലത്ത് നിന്നും തുടങ്ങിയ ഈ അവസ്ഥക്ക് തിരക്കേറിയ ജീവിതത്തിെൻറ മറ്റൊരു ഘട്ടത്തിലെത്തിയിരിക്കുമ്പോഴും ഏറിയതല്ലാതെ തെല്ലും കുറഞ്ഞിട്ടില്ല. ഓരോ നോമ്പുകാലത്തും ഇത്തവണത്തെ നോമ്പനുഷ്ഠാനത്തിൽ പങ്ക് ചേരണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. കൃത്യതയോടെ പാലിക്കേണ്ട ഒന്നായതിനാൽ പക്ഷേ, തിരക്ക് ആ ആഗ്രഹത്തെ ഇപ്പോഴും അതിർത്തിയിൽ നിർത്തിയിരിക്കുകയാണ്. സ്കൂൾ പഠനകാലത്ത് കൂടെയുണ്ടായിരുന്ന രണ്ട് മുസ്ലിം സുഹൃത്തുക്കളിൽ നിന്നാണ് നോമ്പ് ആദ്യമറിയുന്നത്. അന്ന് എല്ലാ വിഭാഗക്കാരുമുണ്ട് ഞങ്ങളുടെ കളിക്കൂട്ടത്തിൽ. ജാതിയും മതവും രാഷ്ട്രീയവും, നിറഭേദങ്ങളൊന്നുമില്ലാതിരുന്ന കുട്ടിക്കാലത്തെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും പറിച്ച് വെക്കപ്പെട്ട നീറ്റലുണ്ട്. എല്ലാവരുടെയും വ്രതാനുഷ്ഠാനങ്ങൾ ഞങ്ങൾക്കിടയിൽ സാധാരണമായിരുന്നു. ക്രൈസ്തവരുടെ അമ്പത് നോമ്പ്, ശബരിമല തീർഥാടനത്തിെൻറ മണ്ഡലകാല നോമ്പ് തുടങ്ങി എല്ലാവരുമുണ്ട്. പക്ഷേ, വേറിട്ടതായിരുന്നു ഇസ്ലാം വിശ്വാസികളായ സുഹൃത്തുക്കളുടെ നോമ്പ്. പകൽമുഴുവൻ ജലപാനം പോലും ഉപേക്ഷിക്കുന്ന കടുത്ത വ്രതം. നോമ്പ് കാലത്ത് അവർ ഞങ്ങൾക്ക് കൂടുതൽ ബഹുമാന്യർ കൂടിയായിരുന്നു. സ്നേഹമേറുകയും അടുപ്പമേറുകയും ചെയ്തിരുന്നു. നോമ്പ് നാളുകളും സവിശേഷമായിരുന്നു. പല ദിവസങ്ങളിലും നോമ്പ് തുറ ഞങ്ങൾക്ക് ഇവരുടെ വീടുകളിലായിരുന്നു. വിസ്മയം തോന്നിയ അനുഭവമാണത്. പഠനകാലം കഴിഞ്ഞ് സംഗീതം ജീവിതത്തിലേക്ക് വന്നപ്പോൾ തിരക്കിലായി. കുട്ടിക്കാലത്തെ സൗഹൃദത്തിനേക്കാൾ അതിെൻറ ഇരട്ടിയിലധികമുള്ള സൗഹൃദങ്ങളായി. അതിനൊപ്പം തിരക്കുകളും. പക്ഷേ, തിരക്കുകളെ മാറ്റി വെച്ചിട്ടുണ്ട്, സുഹൃത്തുക്കളുടെ നോമ്പ് തുറയിൽ പങ്കെടുക്കാൻ. റമദാൻ നാളുകൾ നോമ്പ് തുറയുമായി ഓരോ വീടുകളിലാണ്. ഇപ്പോൾ എെൻറ ബാൻഡിലുണ്ട് ഇസ്ലാംമത വിശ്വാസികളായ നോമ്പെടുക്കുന്നവർ. അവരുടെ നോമ്പ് തുറ പലപ്പോഴും കൊച്ചിയിലെ എെൻറ വീടും, വിഭവങ്ങളൊരുക്കുന്നത് ഞാനും. അവരോടൊപ്പം നോമ്പ് തുറക്കും, പുലർകാലത്തെ എഴുന്നേൽപ്പുമെല്ലാം എെൻറ ജീവിതത്തെയും ക്രമീകരിച്ചിട്ടുണ്ടെന്നത് സത്യം. അതു കൊണ്ടു തന്നെ അവരെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. എങ്ങനെയാണ് എെറെ നോമ്പനുഭവത്തെ വിവരിക്കുകയെന്നത് അറിയുന്നില്ല. എല്ലാ മതങ്ങളും സ്നേഹവും സമാധാനവുമാണ് പഠിപ്പിക്കുന്നത്. അതോടൊപ്പം ജീവിത ശൈലി കൂടി പഠിപ്പിക്കുന്നുണ്ട്. കുട്ടിക്കാലത്തെ നോമ്പ്കാലത്ത് അനുഭവപ്പെട്ട പരസ്പരമുള്ള സ്നേഹക്കൂടുതലും, അടുപ്പവും ബഹുമാനവും ആ നിഷ്ഠയുടെ ഭാഗമായിരുന്നു. അത് വളർത്തിയെടുക്കപ്പെടേണ്ടതാണ്. ഏതൊരു മതാനുഷ്ഠാനങ്ങളെ അംഗീകരിക്കുകയും, പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്നതിലൂെട സ്നേഹം വളർത്തിയെടുക്കാനാവുമെന്നും, കലുഷിതമായ രാജ്യത്തെ ആശങ്കകളെ നീക്കി സമാധാനമുണ്ടാക്കാനാവുമെന്നും ഞാൻ വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.