ചാവക്കാട്: കടൽ ക്ഷോഭവും വെള്ളക്കെട്ടുമായ തീരമേഖലയിൽ കടപ്പുറം പഞ്ചായത്തിലേക്കുള്ള ശുദ്ധജല വിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ചാവക്കാട് മണത്തല ബ്ലാങ്ങാട് ബീച്ച് റോഡിൽ മടേക്കടവ് പാലത്തിനു പടിഞ്ഞാറ് ഭാഗത്താണ് കുടിവെള്ളം പാഴാകുന്നത്. മാസങ്ങളായി ഈ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുവെന്ന് പരിസരത്തുള്ളവർ പറഞ്ഞു. പുല്ല് മൂടി കിടക്കുന്നതിനാൽ വെള്ളം പാഴാകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെടാതെ പോകുകയാണ്. അതേസമയം ശുദ്ധജല വിതരണ പൈപ്പിലൂടെയുള്ള വെള്ളം കാത്ത് ആയിരക്കണക്കിന് കുടുംബങ്ങളാണ് കടപ്പുറം പഞ്ചായത്തിലെ പല വാർഡുകളിലായി കഴിയുന്നത്. കടൽ ക്ഷോഭവും മഴയുമായി മേഖലയിൽ വെള്ളക്കെട്ടുയർന്നതോടെ ജലസ്രോതസ്സുകൾ ഉപയോഗ ശൂന്യമായിക്കിടക്കുകയാണ്. തീരദേശ റോഡ് വശത്ത് വാട്ടർ അതോറിറ്റി സ്ഥാപിച്ച പൈപ്പുകൾക്കൊന്നും വെള്ളമെടുപ്പ് നിയന്ത്രിക്കാനുള്ള ടാപ്പുകളില്ല. നാട്ടിനിർത്തിയ ടാപ്പുകളും പൈപ്പുകളും ഊരിയെടുത്ത് ഭൂമിക്കടിയിലൂടെയുള്ള പൈപ്പിൽ നിന്ന് നേരിട്ടാണ് മിക്കഭാഗത്തും കുടിവെള്ളം ശേഖരിക്കുന്നത്. വെള്ളമൊഴുക്കിെൻറ ശക്തി കുറഞ്ഞ് ഉയർന്ന് നിൽക്കുന്ന പൈപ്പുകളിലൂടെ ലഭ്യമാകാത്തതിനാലാണ് ഭൂമി തുരന്നുള്ള വെള്ളമെടുക്കൽ. രണ്ടും മൂന്നും അടി താഴ്ച്ചയിലേക്ക് ഇറങ്ങി കുടം വെച്ചുവേണം ഏറേ നേരം നിന്ന് വെള്ളം ശേഖരിക്കാൻ. ഓഖി ദുരന്ത പശ്ചാത്തലത്തിൽ പ്രദേശം സന്ദർശിച്ച രണ്ട് മന്ത്രിമാർ രണ്ട് ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്ന് പ്രഖ്യാപിച്ച കുടിവെള്ളപദ്ധതിയാണിത്. ടാപ്പുകളില്ലാതെ വെള്ളം ചോരുന്ന കടപ്പുറം പഞ്ചായത്തിൽ ഈ തകർന്നു കിടക്കുന്ന ടാപ്പുകൾക്കെല്ലാം കണക്കനുസരിച്ച് മാസന്തോറും വെള്ളത്തിെൻറ കരം നൽകുന്നുണ്ട്. എന്നാൽ കേടുവന്ന ടാപ്പുകൾ നന്നാക്കി കൊടുക്കണമെന്നുള്ള പഞ്ചായത്തിെൻറ ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. ബ്ലാങ്ങാട് മുതൽ മുനക്കക്കടവ് അഴിമുഖം വരെയുള്ള വാർഡുകളിലും വട്ടേക്കാട്, മാട്, കറുകമാട് എന്നിവിടങ്ങളിലുമാണ് ശുദ്ധജലത്തിനായി നാട്ടുകാർ ദുരിതമനുഭവിക്കുന്നത്. അതിനിടയിലാണ് പൈപ്പ്പൊട്ടി വെള്ളം പാഴാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.