തൃശൂർ: തൃശൂർ നഗരസഭയിൽ കുടിവെള്ളത്തിന് കാശ് കൂടും. പ്രതിപക്ഷ എതിർപ്പിനെ മറികടന്ന് കുടിവെള്ളത്തിെൻറ നിരക്ക് വാട്ടർ അതോറിറ്റിയുടെതായി ഏകീകരിക്കാൻ തീരുമാനിച്ചതായി മേയർ അറിയിച്ചു. അതോറിറ്റിയിൽ നിന്ന് കൂടുതൽ നിരക്കിൽ കുടിവെള്ളം വാങ്ങി കുറഞ്ഞ നിരക്കിലാണ് നഗരത്തിലെ ഉപഭോക്താക്കൾക്ക് നൽകി വരുന്നത്. ഇൗ ഇനത്തിൽ ഇനി നഷ്ടം സഹിക്കാനാവില്ലെന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ മേയർ വ്യക്തമാക്കി. അതേസമയം, പഴയ നിരക്കിൽ തന്നെ വെള്ളം കൊടുക്കണമെന്നും നിരക്ക് കൂട്ടാൻ സമ്മതിക്കില്ലെന്നും കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു. കൂട്ടിച്ചേർത്ത പഞ്ചായത്തു പ്രദേശങ്ങളിൽ നിലവിൽ വാട്ടർഅതോറിറ്റി നിരക്കാണ് ഈടാക്കുന്നത്. പഴയ മുനിസിപ്പൽ നിരക്ക് വാട്ടർ അതോറിറ്റിയേക്കാൾ കുറവാണ്. അതോറിറ്റിക്ക് കോർപറേഷൻ 14 കോടി കുടിശ്ശിക നൽകാനുണ്ടെന്ന അജണ്ടയിൽ ചൂടേറിയ ചർച്ചയാണ് നടന്നത്. മുൻ ഭരണസമിതി തോന്നിയതുപോലെ പ്രവർത്തിച്ചതു കൊണ്ടാണ് ഇത്ര കുടിശ്ശികയുണ്ടായതെന്നും അത് അപ്പോൾ തന്നെ പരിഹരിക്കുന്നതിൽ വീഴ്ച വന്നെന്നും സി.പി.എമ്മിലെ അനൂപ് കരിപ്പാൽ വിമർശിച്ചു. മുൻ സർക്കാറാണ് നിരക്ക് കൂട്ടിയത് -അനൂപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.