തൃശൂർ: എറവക്കാട് ഓടമഹാസഭയുടെ ഉടമസ്ഥതയിലുള്ള സ്കൂളിൽ വിദ്യാഭ്യാസ വകുപ്പ് തസ്തിക അനുവദിക്കാതിരിക്കെ വൻതുക കൈക്കൂലി വാങ്ങി അനധികൃത നിയമനം നടത്തിയെന്ന് പരാതി. അധ്യാപകരെയും ഓഫിസ് ജീവനക്കാരെയും നിയമിച്ചതിൽ വൻ തുക വാങ്ങിയെന്നും സർക്കാറിനെ കബളിപ്പിച്ചെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്. ഓടമഹാസഭയുടെ ഉടമസ്ഥതയിലുള്ള സ്കൂൾ 'കേരള മൺപാത്ര നിർമാണ സമുദായ സഭ' എന്ന പേരു മാറ്റിയാണ് നിയമന തട്ടിപ്പ് നടത്തിയതത്രേ. ഇതാകട്ടെ, സംഘടനയുടെ പേര് ദുരുപയോഗം ചെയ്തതാണെന്ന് കേരള മൺപാത്ര നിർമാണ സമുദായ സംരക്ഷണ സമിതിയും ആരോപിക്കുന്നു. 60 വർഷമെത്തിയ സ്കൂൾ അടുത്ത കാലത്താണ് യു.പി ആയി ഉയർത്തിയത്. 2014ന് ശേഷം സ്കൂളിൽ പുതിയ തസ്തിക അനുവദിച്ചിട്ടില്ല. എന്നാൽ സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധമായി വൻ തുക കൈപ്പറ്റി അധ്യാപകരെയും ഓഫിസ് ജീവനക്കാരെയും നിയമിച്ചുവെന്നാണ് ആക്ഷേപം. ഇരിങ്ങാലക്കുട ഉപജില്ല വിദ്യാഭ്യാസ ഓഫിസിൽനിന്ന് ലഭിച്ച വിവരാവകാശ പ്രകാരം സ്കൂളിന് മാനേജർ ഇല്ലെന്നും ആദായകരമല്ലെന്നും വ്യക്തമാക്കുന്നു. ഇത് മറച്ചുവെച്ച് സ്കൂൾ വികസന സമിതിയിൽ ഉൾപ്പെട്ടവരുടെ ബന്ധുക്കൾക്കടക്കം മതിയായ യോഗ്യതയില്ലാത്തവർക്ക് നിയമനം നൽകിയതേത്ര. നിരവധി വസ്തുക്കളും സ്ഥാപനങ്ങളും സ്വന്തമായുള്ള ഓടമഹാസഭ, കേരള മൺപാത്ര നിർമാണ സമുദായ സഭ എന്ന സംഘടനയിൽ ലയിച്ചു. ഈ സംഘടനക്കാകട്ടെ രജിസ്ട്രേഷനുമില്ല. ഓടമഹാസഭയുടെ സ്വത്തുക്കൾ കൈവശപ്പെടുത്തുന്നതിന് ഇല്ലാത്ത സംഘടനയുടെ പേരിൽ ലയിച്ചു എന്ന് വ്യാജരേഖയുണ്ടാക്കിയതാണെന്ന് സമിതി ആരോപിക്കുന്നു. സ്ഥലത്തെ ജനപ്രതിനിധികൂടിയായ വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥിന് പരാതി നൽകി. ഇതോടൊപ്പം വിജിലൻസിനും, ഹൈകോടതിയിലും ഹരജി നൽകിയതായി മൺപാത്ര സമുദായ സംരക്ഷണ സമിതി നേതാക്കൾ പറഞ്ഞു. എന്നാൽ ആരോപണത്തിൽ കഴമ്പില്ലെന്നും നിശ്ചിത യോഗ്യതയുള്ളവരെയാണ് നിയമിച്ചതെന്നും സ്കൂൾ മാനേജരും സഭ ജില്ല സമിതി അംഗവുമായ സി.പി. മോഹനൻ പറഞ്ഞു. സ്കൂളിനെ തകർക്കാനുള്ള ചിലരുടെ ശ്രമമാണ് ആരോപണത്തിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.