മഴക്കാല രോഗങ്ങളെ കരുതിയിരിക്കുക

തൃശൂർ: കാലവര്‍ഷം ശക്തമായ സാഹചര്യത്തിൽ പകര്‍ച്ചവ്യാധിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍. വെളളപ്പൊക്ക ബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും ആരോഗ്യവകുപ്പ് ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങളും ബോധവത്കരണ പരിപാടികളും ഊർജിതമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും വരും ദിവസങ്ങളില്‍ പകര്‍ച്ചവ്യാധി വ്യാപകമാകുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. കക്കൂസ് ടാങ്കുകള്‍ നിറഞ്ഞൊഴുകുന്നതും പരിസര പ്രദേശങ്ങളിലെ മാലിന്യം കുടിവെള്ള സ്രോതസ്സുമായി കൂടിക്കലരാനുളള സാധ്യതയുണ്ട്. ഇതുമൂലം കോളറ, ടൈഫോയ്ഡ്, വയറിളക്കം മുതലായ അസുഖങ്ങള്‍ പടര്‍ന്നു പിടിക്കുവാനുളള സാധ്യത വളരെ ഏറെയാണ്. മലിനജലം കെട്ടിക്കിടന്ന് ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ രോഗങ്ങളും വ്യാപകമാകാം. പകര്‍ച്ചവ്യാധി പടരുന്നതിന് തടയുവാന്‍ ജനങ്ങള്‍ ആരോഗ്യവകുപ്പി​െൻറ നിർദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ മുന്നറിയിപ്പ് നല്‍കി. തിളപ്പിച്ചാറ്റിയ വെളളം മാത്രം കുടിക്കുക, ആഹാരസാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക, തണുത്തതും പഴകിയതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കുക, വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ പാലിക്കുക, ഭക്ഷണത്തിന് മുമ്പും ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. കാലില്‍ മുറിവുളളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ ശ്രദ്ധിക്കുക. പനി, തളര്‍ച്ച, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുളള ആരോഗ്യകേന്ദ്രത്തില്‍ നിന്നും ചികിത്സ തേടണം. എലിപ്പനി പ്രതിരോധമരുന്നായ ഡോക്‌സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.