മഴ വീണ്ടും ജീവനെടുത്തു

തൃശൂർ: കനത്തമഴ വെള്ളിയാഴ്ച രണ്ടുപേരുടെ കൂടെ ജീവനെടുത്താണ് തിമിർത്ത് പെയ്തത്. ആമ്പല്ലൂരിലും, എടവിലങ്ങിലും, ചേലക്കരയിലും വീടുകൾ തകർന്നു വീണു. റോഡിലെ ദുരിതക്കയത്തിൽ തന്നെയാണ് യാത്ര. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളെല്ലാം വെള്ളക്കെട്ടിലാണ്. കനത്ത വെള്ളക്കെട്ട് മൂലം നിരവധി റോഡുകളില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇതിനിടെ മുന്നറിയിപ്പുകളും, ജാഗ്രത നിർദേശവും ജില്ല ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. പുതുക്കാട് ആമ്പല്ലൂരിലാണ് വീട് തകർന്ന് വീണ് അച്ഛനും മകനും ദാരുണാന്ത്യം സംഭവിച്ചത്. വീടി​െൻറ കാലപ്പഴക്കവും ചുറ്റിലും ഉണ്ടായ വെള്ളക്കെട്ടുമാണ് വീട് തകരാൻ കാരണമായി പറയുന്നത്. ജീര്‍ണാവസ്ഥയിലായ വീട്ടില്‍ നിന്ന് അയ്യപ്പ​െൻറ ഭാര്യ തങ്കയെ കാക്കനാടുള്ള ആശ്രമത്തിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ചേലക്കര വെങ്ങാനെല്ലൂരിൽ ഏറത്ത് മുരളീമനോഹര​െൻറ വീടും, കൊടുങ്ങല്ലൂർ എടവിലങ്ങ് ഒരു വീടുമാണ് കനത്ത മഴയിൽ തകർന്ന് വീണത്. കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ 80 കുടുംബങ്ങളില്‍ നിന്ന് 277 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായും പുതുതായി എട്ട് ക്യാമ്പുകള്‍ തുറന്നതായും ജില്ല ഭരണകൂടത്തി​െൻറ ഔദ്യോഗിക വിശദീകരണം. കൂളിമുട്ടം വില്ലേജ് ക്യാമ്പില്‍ നിന്ന് മൂന്ന് കുടുംബങ്ങളെ കളരിപ്പറമ്പ് സ്‌കൂള്‍ ക്യാമ്പിലേക്ക് മാറ്റി. 50.39 ഹെക്ടര്‍ സ്ഥലത്ത് കൃഷി നാശം സംഭവിച്ചതിൽ 1.68 കോടിയുടെ നഷ്ടം കണക്കാക്കുന്നു. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് വില്ലേജിലെ വീട് തകർന്നതിൽ അഞ്ച് ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് ജില്ല ഭരണകൂടത്തി​െൻറ വിലയിരുത്തൽ. കനത്തമഴ തുടര്‍ന്നാല്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തെക്കുറിച്ചും മലയോര മേഖലയിൽ ഉരുൾെപാട്ടലിനെ കുറിച്ചും ജാഗ്രത വേണം. രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ മലയോര മേഖലയിലേക്കുള്ള യാത്രകള്‍ പരിമിതപ്പെടുത്തണം. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ കലക്ടർ നിർദേശിച്ചു. സ്വകാര്യഭൂമിയിലെ അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റാനുളള ബാധ്യത ഉടമസ്ഥര്‍ക്കായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. മരങ്ങള്‍ വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും സ്വകാര്യ വ്യക്തികൾ നഷ്ടപരിഹാരം നല്‍കാൻ ബാധ്യത ഉണ്ടായിരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. കടല്‍ ക്ഷോഭിച്ചിരിക്കുന്നതിനാല്‍ കടലിലിറങ്ങുന്നത് അപകടകരമാണ്. കുട്ടികള്‍ വെള്ളക്കെട്ടിലും കുളത്തിലും ഇറങ്ങുമ്പോള്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണം. മഴയിലും കാറ്റിലും വൈദ്യുതിക്കാലുകള്‍ മറിഞ്ഞുവീഴുന്ന സംഭവം ആവര്‍ത്തിക്കുന്നതിനാല്‍ ഇത് സംബന്ധിച്ചും ജാഗ്രത പുലർത്തണം. ചിറക്കല്‍ ഇഞ്ചമുടി പെട്രോള്‍ പമ്പിന് മുന്‍വശത്തെ റോഡില്‍ വെള്ളം ഉയര്‍ന്നതിനെത്തുടർന്ന് തൃശൂര്‍-ചേര്‍പ്പ്- തൃപ്രയാര്‍ റോഡില്‍ ഗതാഗതം നിരോധിച്ചു. ഒറ്റപ്പെട്ട് കണിമംഗലം തുരുത്ത് ശക്തമായ മഴയില്‍ കണിമംഗലം തുരുത്ത് നിവാസികള്‍ വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടു. വീടുകളില്‍ വെള്ളം കയറിയ 12 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കണിമംഗലം കോള്‍ പാടത്തോട് ചേര്‍ന്ന തുരുത്തിലെ നിരവധി വീടുകളില്‍ വെള്ളം കയറി. ഇതില്‍ 12 വീടുകള്‍ തീര്‍ത്തും താമസയോഗ്യമല്ലാതായി. വെള്ളക്കെട്ട് രൂക്ഷമായതോടെ മലിനജലത്താല്‍ കിണര്‍ കവിഞ്ഞൊഴുകി. ഇത് കുടുംബങ്ങളുടെ കുടിവെള്ളവും മുട്ടിച്ചു. ഇഴജന്തുക്കളെയും രോഗങ്ങളെയും ഭയന്ന് ഒടുവില്‍ കുടുംബങ്ങള്‍ സ്വന്തം കിടപ്പാടം വിട്ട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. നെടുപുഴ ജൂനിയര്‍ ബേസിക് സ്‌കൂളിലാണ് ഇവര്‍ക്കായി താമസസൗകര്യം ഒരുക്കിയത്. കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന 30 ഓളം പേരാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയത്. വെള്ളക്കെട്ടില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്ക് കോണ്‍ഗ്രസ് കൂര്‍ക്കഞ്ചേരി മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ അരി വിതരണം ചെയ്തു. വില്ലേജ് ഓഫീസര്‍ എം.എ. സുരേഷ്, ഡിവിഷന്‍ കൗണ്‍സിലര്‍ ഷീന ചന്ദ്രന്‍, കോണ്‍ഗ്രസ് ഭാരവാഹികളായ ജോണ്‍സണ്‍ കുറ്റൂക്കാരന്‍, വിനേഷ് തയ്യില്‍, പി.എ. വര്‍ഗീസ് എന്നിവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.