ദേശീയപാത തകർച്ച: കുതിരാനിൽ ഇരമ്പിയാർത്ത് പ്രതിഷേധം

തൃശൂർ/മണ്ണുത്തി: മണ്ണുത്തി-കുതിരാന്‍ ദേശീയപാതയുടെ ശോച്യാവസ്ഥക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം. കോർപറേഷൻ മണ്ണുത്തി പ്രദേശവും മൂന്ന് പഞ്ചായത്തുകളിലും കോൺഗ്രസ് ഹർത്താൽ ആചരിച്ചപ്പോൾ, മനുഷ്യച്ചങ്ങല തീർത്ത് എ.ഐ.വൈ.എഫി​െൻറ റോഡ് ഉപരോധവും, ബി.ജെ.പിയുടെ പ്രതിഷേധവും നടന്നു. നടത്തറ, പാണഞ്ചേരി, മാടക്കത്ര പഞ്ചായത്തുകളിലും കോര്‍പറേഷന്‍ മണ്ണുത്തി ഏരിയയിലും കോണ്‍ഗ്രസ് പാണഞ്ചേരി ബ്ലോക്ക് കമ്മിറ്റി ഹര്‍ത്താല്‍ ആചരിച്ചു. ദേശീയപാത പട്ടിക്കാട് മനുഷ്യച്ചങ്ങല തീർത്തായിരുന്നു എ.ഐ.വൈ.എഫി​െൻറ റോഡ് ഉപരോധം. പ്രവര്‍ത്തകരെ പീച്ചി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മണ്ണുത്തി മുതല്‍ കുതിരാന്‍ വരെയുള്ള ദേശീയപാതയില്‍ കഴിഞ്ഞദിവസം ഒരു ജീവന്‍കൂടി പൊലിഞ്ഞതോടെയാണ് വൻ പ്രതിഷേധം ഉയർന്നത്. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം പ്രസാദ് പറേരി ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അഡ്വ. എം.ഇ. എല്‍ദോ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ടി.ആര്‍. രാധാകൃഷ്ണന്‍, സി.പി.ഐ സെക്രട്ടേറിയറ്റംഗം ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദേശീയപാതയുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് ബി.ജെ.പി പട്ടിക്കാട് നടത്തിയ പ്രതിഷേധ പ്രകടനം ജില്ല വൈസ് പ്രസിഡൻറ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്ത് സമിതി പ്രസിഡൻറ് ടി.എസ്. ബിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം പുഷ്‌കരന്‍ കാക്കനാട്, ജില്ല ന്യൂനപക്ഷ മോര്‍ച്ച പ്രസിഡൻറ് പി.പി.ജോണി, നിയോജക മണ്ഡലം സെക്രട്ടറി രാജു പാണഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.