ചാലക്കുടി നഗരസഭ യോഗം മാറ്റിയതിൽ പ്രതിപക്ഷ പ്രതിഷേധം

ചാലക്കുടി: ഭരണപക്ഷത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചക്ക് ചേരാനിരുന്ന നഗരസഭയോഗം അവസാന നിമിഷം മാറ്റിവച്ചു. പ്രതിപക്ഷമായ യു.ഡി.എഫ് പ്രതീകാത്മകമായി കൗണ്‍സില്‍ യോഗം ചേര്‍ന്ന് പ്രതിഷേധിച്ചു. ബി.ജെ.പി അംഗം യോഗത്തില്‍ പങ്കെടുത്തില്ല. അധ്യക്ഷനേയും ഉപാധ്യക്ഷനേയും ജില്ല കലക്ടര്‍ തൃശൂരിലേക്ക് അടിയന്തരമായി വിളിച്ചതിനെ തുടര്‍ന്നാണ് യോഗം മാറ്റിയതെന്നാണ് ഭരണപക്ഷ വിശദീകരണം. അതേസമയം കൗണ്‍സില്‍ ഹാളിലെ ഇരിപ്പിടത്തെ ചൊല്ലി ഭരണപക്ഷത്തെ അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യോഗം മാറ്റിയതെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ജില്ല കലക്ടര്‍ ആരെയും ചാലക്കുടിയില്‍നിന്ന് തൃശൂരിലേക്ക് യോഗത്തിന് വിളിച്ചിരുന്നില്ലെന്ന് കലക്ടര്‍ അറിയിച്ചതായി പ്രതിപക്ഷം പറഞ്ഞു. നഗരസഭയുടെ 50 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഭരണകക്ഷിക്കുള്ളിലുള്ള അംഗങ്ങള്‍ തമ്മില്‍ മുന്‍നിരയില്‍ ഇരിക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടാക്കി യോഗം മാറ്റി വയ്ക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഇത് കൗണ്‍സിലിനോടും ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് അവര്‍ പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സന് യോഗത്തില്‍ പങ്കെടുക്കാനാവുന്നില്ലെങ്കില്‍ നേരത്തെ തീരുമാനിച്ച യോഗം മാറ്റി വയ്‌ക്കേണ്ടതില്ല. ഇത്തരം ഘട്ടത്തില്‍ വൈസ് ചെയര്‍മാന് അധ്യക്ഷം വഹിക്കാം. അവര്‍ ഇരുവരുടെയും അസാന്നിധ്യത്തില്‍ സ്ഥിരം സമിതി ചെയര്‍മാന് അധ്യക്ഷം വഹിക്കാമെന്നതാണ് ചട്ടമെന്ന് അവര്‍ പറഞ്ഞു. യോഗം മാറ്റുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഇതില്‍ പ്രതിഷേധിച്ച് ഇവര്‍ കൗണ്‍സില്‍ ഹാളില്‍ പ്രതീകാത്മകമായി യോഗം ചേരുകയും അജണ്ടകള്‍ ചര്‍ച്ച ചെയ്ത് പാസാക്കുന്നതായി അറിയിക്കുകയും ചെയ്തു. മുന്‍നിരയിലെ സീറ്റില്‍ ഇരിക്കുന്നതിനെ ചൊല്ലി കുറച്ച് മാസങ്ങളായി നഗരസഭയില്‍ ഭരണപക്ഷത്തെ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഭരണമുന്നണിയായ ഇടതുപക്ഷത്തിലെ കരാര്‍പ്രകാരം രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് സി.പി.ഐയിലെ ഉഷ പരമേശ്വരന്‍ ചെയര്‍പേഴ്‌സന്‍ സ്ഥാനവും മറ്റ് സ്ഥിരംസമിതി അംഗങ്ങളും രാജിവച്ചതിനെ തുടര്‍ന്നാണ് ഹാളില്‍ ഇരിക്കുന്ന സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ആരംഭിച്ചത്. പുതിയ സ്ഥിരം സമിതി അധ്യക്ഷന്മാര്‍ മുന്‍നിര സീറ്റുകളില്‍ ഇരുന്നതോടെ നേരത്തെ അവിടെ ഇരുന്നവര്‍ക്ക് പിന്‍സീറ്റിലേക്ക് പോകേണ്ടി വന്നതാണ് തര്‍ക്കം സൃഷ്ടിച്ചത്. ഉച്ചയ്ക്ക് 2.30ന് അംഗങ്ങള്‍ സീറ്റില്‍ എത്തിച്ചേര്‍ന്നെങ്കിലും യോഗം മാറ്റി വച്ചതായി അറിയിക്കുകയായിരുന്നു. ഇതോടെ പ്രതിപക്ഷം പ്രതീകാത്മകമായി യോഗം നടത്തുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.