വനം വകുപ്പ് ഉദ്യോഗസ്ഥയും സംഘവും വീട്ടിൽ കയറി മർദിച്ചതായി ആദിവാസി യുവതിയുടെ പരാതി

തൃശൂർ: വനം വകുപ്പ് ഉദ്യോഗസ്ഥയും സംഘവും അർധരാത്രി വീട്ടിൽ കയറി വയോധികയായ മാതാവിനെയും സഹോദരനെയും മർദിച്ചതായി ആദിവാസി യുവതിയുടെ പരാതി. ജൂലൈ ഏഴിന് ഫോറസ്റ്റ് ഓഫിസർ സീനയും വനം വകുപ്പിലെ മറ്റുദ്യോഗസ്ഥരും ചേർന്നാണ് അതിക്രമം നടത്തിയതെന്ന് പാണഞ്ചേരി പൂവൻചിറ ആദിവാസി കോളനിയിലെ ഷൈബി ചന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയതായും ഷൈബി പറഞ്ഞു. 2015 ഡിസംബർ 16ന് ചുരുളിത്തൊലി വെട്ടിയ കേസിൽ സഹോദരൻ രതീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തൊലി വെട്ടിയത് വനം വകുപ്പ് ഒാഫിസറുടെ മാതാപിതാക്കളാണ്. അത് ചുമക്കാൻ വിളിച്ചെങ്കിലും രതീഷ് പോയില്ല. ആ വൈരാഗ്യത്തിന് രതീഷിനെ കേസിൽ കുടുക്കുകയായിരുന്നു. അതേസമയം, മരം വെട്ടി എന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നതെന്ന് പിന്നീട് അഭിഭാഷകൻ വഴി അന്വേഷിച്ചപ്പോൾ മനസ്സിലായി. കാര്യങ്ങൾ വിശദമാക്കി പീച്ചി പൊലീസ് സ്റ്റേഷനിലെ എസ്.ഐ. ഷാജഹാന് പരാതി നൽകിയെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല. പിന്നീട് സിറ്റി പൊലീസ് കമീഷണർ ഇടപെട്ടാണ് എസ്.ഐ പരാതി സ്വീകരിച്ചത്. അർധരാത്രി വീട്ടിൽ കയറി ആക്രമണം നടത്തുകയും തനിക്കും കുടുംബത്തിനും ശാരീരികവും മാനസികവുമായി പീഡനവും നാശനഷ്ടങ്ങളും ഉണ്ടായി എന്നാണ് പരാതി. ഉൗരുമൂപ്പൻ എം.കെ. സത്യൻ, കെ. കെ. ഷൂജൻ, ഷൈബിയുടെ മാതാവ് ലക്ഷ്മി, ധന്യ ബിനോയ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.