വാടാനപ്പളളി: മനക്കൊടിയിൽ തകർന്ന റോഡിൽ ഉണ്ടായ അപകടത്തിൽ ബേക്കറി ഉടമ മരിച്ച സംഭവത്തെത്തുടർന്ന് ജനരോഷം അണപൊട്ടി. റോഡ് നന്നാക്കി ടാറിടാൻ ആവശ്യപ്പെട്ട് നാട്ടുകാരും ബസ് ഉടമകളും നേതാക്കളും മുറവിളി കൂട്ടിയിട്ടും ഒരു നടപടിയും ഇല്ലാത്ത അവസ്ഥയാണ്. ഇതിനിടെയാണ് വ്യാഴാഴ്ച റോഡിലെ കുഴിയിൽ പെട്ട ബസ് നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് ബേക്കറി ഉടമ പീറ്റർ മരിച്ചത്. ഇതോടെ വാഹനം തടഞ്ഞും റോഡിൽ കുത്തിയിരുന്നും കിടന്നും നാട്ടുകാർ പ്രതിഷേധം തുടങ്ങിയത്. കോൺഗ്രസിെൻറ നേതൃത്വത്തിൽ ജനകീയ മുന്നണി തകർന്ന റോഡിൽ മണിക്കൂറോളം കുത്തിയിരുന്ന് വാഹനം തടഞ്ഞ് പ്രതിഷേധിച്ചപ്പോൾ ബി.ജെ.പി നേതാക്കളും പ്രവർത്തകരും റോഡിൽ കിടന്നാണ് സമരം നടത്തിയത്. ജില്ല കലക്ടർ ഇടപെട്ട് റോഡ് നന്നാക്കാൻ നടപടിയുണ്ടാക്കണമെന്നും കലക്ടർ സ്ഥലത്ത് എത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. സമരം മുറുകിയതോടെ രണ്ടര മണിക്കൂറോളം തൃശൂർ- കാഞ്ഞാണി റൂട്ടിൽ ഗതാഗതം നിലച്ചു. യാത്രക്കാർ വലഞ്ഞു. സമരം നീണ്ടതോടെ ഉച്ചക്ക് രണ്ടോടെ എ.ഡി.എം പി. ലതികയും പൊതുമരാമത്ത് എക്സി. എൻജിനീയർ സി.വി. ബിജിയും സ്ഥലത്തെത്തി. റോഡ് ഉടൻ നന്നാക്കുമെന്ന എ.ഡി.എമ്മിെൻറ ഉറപ്പിലാണ് സമരക്കാർ പിന്തിരിഞ്ഞത്. റോഡ് പണിയുമായി ബന്ധപ്പെട്ട് സ്ഥലത്ത് ക്യാമ്പ് ചെയ്യുമെന്ന് എ.ഡി.എം സമരക്കാർക്ക് ഉറപ്പ് നൽകി. അതേസമയം പണി ഉടൻ ആരംഭിച്ചില്ലെങ്കിൽ സമരം തുടരുമെന്ന് സമരക്കാർ അറിയിച്ചു. റോഡ് തകർച്ചയിൽ പ്രതിഷേധിച്ച് ഈ മാസം 18 മുതൽ ബസ് ഉടമകൾ അനശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. രണ്ട് വർഷമായി റോഡ് തകർന്ന് കിടക്കുകയാണ്. തൃശൂർ - വാടാനപ്പള്ളി റോഡ് സംസ്ഥാന പാതയായി പ്രഖ്യാപിച്ച് നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തിയത് കഴിഞ്ഞ സർക്കാറിെൻറ കാലത്താണ്. എന്നാൽ പണി ആരംഭിച്ചില്ല. റോഡ് വീതി കൂട്ടി വികസിപ്പിക്കുമെന്നാണ് അറിയിപ്പെങ്കിലും ഒരു നിർമാണ പ്രവർത്തനവും ആരംഭിച്ചിട്ടില്ല. ഈ റൂട്ടിൽ കണ്ടശാംകടവ് മുതൽ കാഞ്ഞാണി വരെ റോഡ് വീതി കുറവാണ്. ഇതോടെ യാത്ര ദുഷ്കരമാണ്. ഇതിനിടയിലാണ് റോഡിെൻറ തകർച്ച. റോഡ് തകർന്ന് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതോടെ വാഹനയാത്ര ദുരിതമാണ്. അപകടങ്ങളും വർധിച്ചു. റോഡിനെ അധികൃതർ അവഗണിക്കുകയാണെന്നാണ് പരക്കെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.