സ്വന്തം ലേഖകൻ കൊടുങ്ങല്ലൂർ: സീറോ വാട്ടർ എക്ചേഞ്ച് രീതിയിൽ ശാസ്ത്രീയ ചെമ്മീൻ കൃഷിയിൽ വിജയഗാഥ രചിച്ച കൊടുങ്ങല്ലൂർ സ്വദേശി സുധാകരനെ തേടിയെത്തിയത് സംസ്ഥാനത്തെ മികച്ച ചെമ്മീൻ കർഷനുള്ള പുരസ്ക്കാരം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മത്സ്യ കൃഷിയുടെ സാധ്യതകളിൽ വരുമാനം തേടുന്ന ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പുതിയ അവാർഡ് അംഗീകാരങ്ങളുടെ തുടർച്ച മാത്രമാണ്. നേരത്തേ മികച്ച ഞണ്ട് കർഷകനായും, ജില്ല തലത്തിൽ ചെമ്മീൻ കർഷകനായും ഇദ്ദേഹം തിരഞ്ഞെടുത്തിട്ടുണ്ട്. കൊടുങ്ങല്ലൂർ പുല്ലൂറ്റ് കോഴികുളങ്ങര ചെറുവട്ടായിൽ സുധാകരൻ ശാസ്ത്രീയ മത്സ്യ കൃഷിയിലേക്ക് നടത്തിയ ചുവട്മാറ്റമാണ് മികച്ച ഉൽപാദനവും വരുമാനവും സ്വന്തമാക്കിയത്. കാര ചെമ്മീൻ കൃഷിയിൽ പത്ത് ടണ്ണായിരുന്നു ഉൽപാദനം. ഇതോടെയാണ് സുധാകരൻ അവാർഡിനായി പരിഗണിക്കപ്പെട്ടതെന്ന് ജനകീയ മത്സ്യകൃഷി പദ്ധതി രണ്ടാം ഘട്ടം ജില്ലാ നോഡൽ ഒാഫിസർ പി. അനീഷ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി 50 ശതമാനം സബ്സിഡിയോടെ തൃശൂർ മത്സ്യ കർഷക വികസന ഏജൻസിയുടെ നിർദേശ പ്രകാരമായിരുന്നു കൃഷി. സംസ്ഥാന മത്സ്യവകുപ്പിെൻറ നൂതന മത്സ്യ കൃഷി പ്രദർശന മാതൃക ഫാം എന്ന നിലയിൽ പ്രത്യേക പരിഗണനയും സുധാകരെൻറ ചെമ്മീൻ കൃഷിക്ക് ലഭിച്ചിരുന്നു. ഫാം സ്കൂളായിരുന്നു സുധാകരെൻറ ചെമ്മീൻ കൃഷി. വെള്ളം വിനിമയം(മാറ്റി മറിക്കൽ) ഇല്ലാത്ത ഫാമിൽ ഫിഷറീസ് വകുപ്പിെൻറ ലാബുകളിൽ നാല് തവണ പരിശോധിച്ച മികച്ചയിനം കാര വിത്തുകളാണ് നിക്ഷേപിച്ചത്. വൈറസ് വിമുക്ത അവസ്ഥ ഉറപ്പാക്കിയതായിരുന്നു ചെമ്മീൻ കുഞ്ഞുങ്ങൾ. മാലിന്യം ഇല്ലാതാക്കാൻ പ്രോ ബയോട്ടിക്കായി ഗുണകരമായ ബാക്ടീരിയകളും വിടുകയുണ്ടായി. ചെമ്മീെൻറ നാല് മാസം വരെയുള്ള വളർച്ചക്കിടെ ഉണ്ടാകുന്ന മാലിന്യം ബക്ടീരിയ പ്രയോഗത്തിലുടെ ഇല്ലാതാക്കുക മാത്രമല്ല വളമായി മാറുകയും ചെയ്യും. ഫാം പരിസ്ഥിതി സൗഹൃദവുമാകും. വിളവ് കയറ്റുമതി ചെയ്യുകയാണ് പതിവ്. വിദേശ മാർക്കറ്റുള്ള '30 കൗണ്ട് ചെമ്മീൻ' (ഒരു കിലോ- 30 എണ്ണം) ഉൽപാദനമാണ് ഇൗ ശാസ്ത്രീയ രീതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് നോഡൽ ഒാഫിസർ പി. അനീഷ് പറഞ്ഞു. ഇപ്പോൾ ഇൗ കർഷകൻ 18 ടണ്ണോളം വനാമി ലക്ഷ്യം വെച്ചാണ് വിത്തിറക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.