മാള: ഡോ. പി.വി. ജോസ് സംവിധാനം ചെയ്ത 'ഖരം' എന്ന ചിത്രത്തിലൂടെ മാള സ്വദേശി പ്രാർഥന സന്ദീപ് മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ടു. ബെൽജിയം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് അവാർഡ്. മാള പാളയം പറമ്പ് സന്ദീപ് -ഉണ്ണിമായ ദമ്പതികളുടെ മകളാണ് പ്രാർഥന. 'ഫൈനൽ ഓഫർ' എന്ന മ്യൂസിക് ആൽബത്തിലൂടെയാണ് പ്രാർഥന അഭിനയ രംഗത്തെത്തിയത്. കുട്ടികളുടെ ടി.വി ചാനലിലൂടെ പ്രതിഭ പ്രകടിപ്പിച്ച പ്രാർഥനക്ക് മലയാള സിനിമയിലേക്കുള്ള വഴി തുറക്കുകയായിരുന്നു. അന്തരിച്ച നടൻ മാള അരവിന്ദെൻറ അയൽക്കാരിയാണ് പ്രാർഥന. നിരവധി ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ച പ്രാർഥന 'ഫാദർ പ്രോമിസ്'എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 'ഞാൻ മേരിക്കുട്ടി'എന്ന ചിത്രത്തിൽ ജുവൽ മേരിയുടെ മകൾ തഹുവായി പ്രാർഥന വേഷമിട്ടു. മമ്മുട്ടി ചിത്രങ്ങളായ ഗ്രേറ്റ് ഫാദർ, പുള്ളിക്കാരൻ സ്റ്റാറാ എന്നിവയിൽ അഭിനയിക്കാൻ അവസരം കിട്ടി. തുടർന്ന് പൈപ്പിൻ ചുവട്ടിലെ പ്രണയം, പ്രേമസൂത്രം, ക്യൂബൻ കോളനി എന്നീ ചിത്രങ്ങളിലും വേഷമിട്ടു. പുതിയ മലയാള സിനിമകളിലും, ഒരു തമിഴ് സിനിമയിലും പ്രാർഥന അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. മാള രാജുഡേവീസ് സ്കൂളിലെ ആറാംതരം വിദ്യാർഥിയാണ്. മാളയുടെ അഭിമാനമായി മാറിയ പ്രാർഥനക്ക് സ്വീകരണം ഒരുക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ് പിതാവ് സന്ദീപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.