തൃശൂർ: കോർപറേഷൻ പരിധിയിൽ ഏറ്റവും അധികം തോടുകളും ഉപതോടുകളും കടന്നു പോകുന്ന ഡിവിഷനാണ് പാട്ടുരായ്ക്കൽ മൂന്നാം ഡിവിഷൻ. ഇതിൽ അധികം തോടുകളും പ്രധാന പാതകളുടെ അരിക് പിടിച്ച് ഒഴുകുന്നവയാണ്. അതിനാൽ തന്നെ വാഹനയാത്രികർ അടക്കമുള്ളവർ തോടുകളിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് അടിഞ്ഞ് കൂടി വെള്ളത്തിെൻറ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടിരുന്നു. മാലിന്യം വലിച്ചെറിയുന്നതിനെതിരെ ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും ഒരു ഫലവും ഉണ്ടായിരുന്നില്ല. വർഷാവർഷങ്ങളിലെ തോട് വൃത്തിയാക്കൽ തോട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞു കൂടിയിരുന്നതിനാൽ ഒരു കീറാമുട്ടിയായിരുന്നു. ഇതിനെല്ലാം പരിഹാരം ഉണ്ടാക്കിയിരിക്കുകയാണ് പാട്ടുരായ്ക്കൽ ഡിവിഷൻ കൗൺസിലർ ജോൺ ഡാനിയൽ. ദേവമാത സ്കൂളിന് സമീപത്ത് കൂടി ഷൊർണൂർ റോഡിന് ചേർന്ന് ഒഴുകുന്ന പ്ലാക്കാട്ട് തോടിെൻറ റോഡിന് ചേർന്ന ഭാഗത്ത് വലിയ ഇരുമ്പ് വലകൾ നിരനിരയായി സ്ഥാപിച്ച് മാലിന്യം വലിച്ചെറിയുന്നതിനെതിരെ പ്രതിരോധം തീർത്തിരിക്കുകയാണ് കൗൺസിലർ. ഇനി തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നവർക്ക് നേരെ ഇരുമ്പ് വല കനത്ത പ്രതിരോധം തീർക്കും. ഇവിടെയുള്ള ബിസിനസ് സ്ഥാപനത്തിെൻറ സഹായത്തോടെ സി.സി.ടി.വി കാമറയും സ്ഥാപിക്കുമെന്ന് ജോൺ ഡാനിയേൽ പറഞ്ഞു. ഇരുമ്പ് വല തീർത്ത് പൊതുമരാമത്ത് വകുപ്പും മുൻകാലങ്ങളിൽ നിന്നും തോടുകൾ വൃത്തിയാക്കാൻ കൂടുതൽ തുക അനുവദിച്ച് കോർപറേഷനും മുന്നിട്ടിറങ്ങിയപ്പോൾ പാട്ടുരായ്ക്കൽ ഡിവിഷെൻറ തോട് സംരക്ഷണം പുതിയ മാതൃകയും സന്ദേശവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.