അണ്ടത്തോട്: കടൽക്ഷോഭം പതിവായതോടെ ഭീതിയില്‍ നിന്ന് കരകയറാതെ തീരദേശം. പെരിയമ്പലം, തങ്ങള്‍പടി, കാപ്പിരിക്കാട് എന്നീ തീരങ്ങളാണ് കടല്‍ക്ഷോഭം കവര്‍ന്നെടുക്കുന്നത്. ഏറ്റവും കൂടുതല്‍ കടൽക്ഷോഭം നേരിടുന്നത് കാപ്പിരിക്കാട് തീരമാണ്. ഇവിടെ അവശേഷിക്കുന്ന വീടുകള്‍ കടലെടുക്കുമെന്നുറപ്പായതോടെ ഒട്ടേറെ കുടുംബങ്ങള്‍ തീരം വിട്ടുപോയി. കഴിഞ്ഞ ദിവസമുണ്ടായ കടൽക്ഷോഭത്തില്‍ മൂന്ന് വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കാപ്പിരിക്കാട് ഹിളര്‍ പള്ളി ഭാഗത്തേക്ക് ടാറിങ് നടത്തിയ റോഡും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. വൈദ്യുതി തൂണുകള്‍ കടലെടുത്തു. ഇവിടങ്ങളിലേക്കുള്ള വൈദ്യുതി കണക്‌ഷന്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വിച്ഛേദിച്ചിരുന്നു. കാപ്പിരിക്കാട് തീരം മുതല്‍ പെരിയമ്പലം വരെ നൂറുകണക്കിന് കൂറ്റന്‍ തെങ്ങുകളും കാറ്റാടിമരങ്ങളുമാണ് വീണുകൊണ്ടിരിക്കുന്നത്. വരും നാളുകളില്‍ കടൽക്ഷോഭം രൂക്ഷമായാല്‍ പെരിയമ്പലം ബീച്ച് പാര്‍ക്ക് പൂര്‍ണമായും കടലെടുക്കാന്‍ സാധ്യതയുണ്ട്. ഇടക്കിടക്ക് ഉണ്ടാകുന്ന കടൽക്ഷോഭം കാപ്പിരിക്കാട് തീരങ്ങളിൽ മത്സ്യബന്ധനം നടത്തുന്ന ചെറുവഞ്ചിക്കാര്‍ക്ക് തിരിച്ചടിയായി. വഞ്ചികള്‍ മീറ്ററുകൾ അകലെ കയറ്റിയിട്ടിരിക്കുകയാണ്. ചില വഞ്ചികൾ എടക്കഴിയൂർ, പഞ്ചവടി കടപ്പുറത്തേക്ക് മത്സ്യബന്ധനത്തിന് മാറ്റിയിട്ടുമുണ്ട്. അനേകം പേർ താമസിച്ചിരുന്ന കാപ്പിരിക്കാട് തീരമേഖലയിൽ ആഞ്ഞടിക്കുന്ന കടൽ മാത്രമായി മാറിയെന്ന് കടലോരവാസികൾ പറയുന്നു. പലർക്കും ഇവിടം വിട്ടുപോകാന്‍ മനസ്സ് അനുവദിക്കാത്ത അവസ്ഥയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.