കുന്നംകുളം: നഗരസഭ പ്രദേശത്ത് തെരുവ് വിളക്ക് പ്രകാശിക്കാത്തതിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ യോഗത്തിൽ പ്രതിഷേധം ഉയർത്തി. മൂന്നു മാസമായി ഇതുസംബന്ധിച്ച് പരാതി ഉയർന്നിട്ടും പരിഹാരം കാണാൻ കഴിഞ്ഞില്ലെന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. കരാറുകാരൻ ഫോൺ എടുക്കുന്നില്ലെന്നും പ്രതികരണവുമില്ലെന്നും നഗരസഭ അധികാരികൾ വ്യക്തമാക്കി. കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. ഈ സാഹചര്യത്തിൽ പകരം സംവിധാനം കണ്ടെത്തണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. ദിവസ വേതനാടിസ്ഥാനത്തിൽ ജോലിക്കാരെ നിയോഗിക്കാമെന്ന് സെക്രട്ടറി നിർദേശിച്ചു. അല്ലാത്തപക്ഷം കെ.എസ്.ഇ.ബിയിൽ വിരമിച്ചവരെ ജോലിക്കെടുക്കുകയോ കുടുംബശ്രീ അംഗങ്ങളിൽ പരിശീലനം ലഭിച്ചവരെ അറ്റകുറ്റപ്പണി ചെയ്യാൻ ചുമതലപ്പെടുത്തുകയോ ചെയ്യാമെന്നും വ്യക്തമാക്കി. ഇതിനായി ടെൻഡർ നടപടിയില്ലാതെ ആളുകളെ ചുമതലപ്പെടുത്താമെന്നും സെക്രട്ടറി പറഞ്ഞു ചിറളയം, കിഴൂർ എന്നിവിടങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ സ്വകാര്യ കമ്പനികൾക്ക് നഗരസഭ അനുമതി നൽകിയതിനെ അംഗങ്ങൾ ചോദ്യം ചെയ്തു. ഈ മേഖലകളിലെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തുവന്ന സാഹചര്യത്തിൽ നിയമനടപടി സ്വീകരിച്ച് അനുമതി റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. നഗരസഭ നൽകിയ അനുമതി റദ്ദാക്കാനാകില്ലെന്ന് നഗരസഭ അധ്യക്ഷ വ്യക്തമാക്കി. കലക്ടർ ചെയർമാനായുള്ള സമിതിക്ക് നാട്ടുകാർ പരാതി നൽകിയാൽ കലക്ടർ നഗരസഭയോട് വിശദീകരണം ആവശ്യപ്പെടും. എങ്കിൽ വ്യക്തമായ മറുപടി നൽകാമെന്നും നാട്ടുകാരുടെ പ്രതിഷേധം കലക്ടറെ ബോധിപ്പിക്കുമെന്നും അധ്യക്ഷ ഉറപ്പുനൽകി. അധ്യക്ഷ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എം. സുരേഷ്, ഷാജി ആലിക്കൽ, ബിജു സി.ബേബി, കെ.കെ. മുരളി, ബിനീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.