വടക്കാഞ്ചേരി: . തൃശൂരിൽനിന്ന് കുതിരാൻ വഴി പാലക്കാട്ടേക്കുള്ള പാതയിൽ കുരുക്ക് ഏറിയതോടെ വാഹനങ്ങൾ തൃശൂർ -ഷൊർണൂർ വഴി തിരിച്ച് വിടുന്നതാണ് വടക്കാഞ്ചേരി-ഓട്ടുപാറ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണം. പാതയോരങ്ങളിലെ അനധികൃത പാർക്കിങ്ങും ബസുകൾ ഇടയ്ക്കിടെ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഗതാഗതക്കുരുക്കിന് വേഗം കൂട്ടുന്നു. പൊലീസ്, ഗതാഗത വകുപ്പ് അധികൃതരുടെയും നഗരസഭയുടെയും നേതൃത്വത്തിൽ ആർ.ടി.എ കമ്മിറ്റി ചേർന്ന് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ മുന്നോട്ടുവെച്ച നിർദേശങ്ങളൊന്നും ഫലപ്രദമായിട്ടില്ല. റെയിൽവേ സ്റ്റേഷൻ മുതൽ പരുത്തിപ്ര വരെയുള്ള പാതയോരങ്ങളിലുള്ള അനധികൃത പാർക്കിങ് ഇല്ലാതാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. വടക്കാഞ്ചേരി സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കുന്ന ബസുകൾ റെയിൽവേ സ്റ്റേഷൻ വരെ ദീർഘിപ്പിക്കണമെന്ന ആവശ്യത്തിലും നടപടിയായില്ല. വടക്കാഞ്ചേരി സ്റ്റാൻഡ് മുതൽ ജില്ല ആശുപത്രി പടിവരെ ബസുകൾ നിശ്ചിത സ്റ്റോപ്പുകളിൽനിന്ന് മാത്രമേ ആളുകളെ കയറ്റാവൂ എന്ന് തിരുമാനിച്ചിരുന്നുവെങ്കിലും ബസുകളുടെ 'ഇഴയൽ'തുടരുന്നത് കുരുക്ക് വർധിപ്പിക്കുകയാണ്. കുരുക്ക് മുറുകിയതോടെ വടക്കാഞ്ചേരിയിൽനിന്ന് ഓട്ടുപാറ വരെയുള്ള രണ്ട് കിലോമീറ്റർ പിന്നിടുന്നതിന് അര മണിക്കൂറിലധികം സമയമാണെടുക്കുന്നത്. സംസ്ഥാനപാതയിൽ നിന്ന്ഓട്ടുപാറ സ്റ്റാൻഡിലേക്ക് ബസുകൾ തിരിയുന്നതുമൂലമുണ്ടാകുന്ന കുരുക്ക് ദുരിതം വർധിപ്പിക്കുകയാണ്. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വരുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങളെ പലപ്പോഴും ടൗണിലെ ചുമട്ടുതൊഴിലാളികളും ഓട്ടോ-ടാക്സി തൊഴിലാളികളും ഇടപെട്ടാണ് കുരുക്കിൽനിന്ന് കടത്തി വിടുന്നത്. ഹൈവേ പൊലീസ് അടക്കമുള്ളവർ സംസ്ഥാന പാതയിൽ പട്രോളിങ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാരെ വലക്കുന്ന കുരുക്കിന് പരിഹാരമാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.