തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്റ്റാറ്റ്യൂട്ടറി സമിതിയായ യൂനിവേഴ്സിറ്റി ഗ്രാൻഡ്സ് കമീഷനെ ഇല്ലാതാക്കി പകരം ഹയർ എജുക്കേഷൻ കമീഷൻ ഓഫ് ഇന്ത്യ രൂപവത്കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടവരുത്തുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് നിയമം ഉന്നത വിദ്യാഭ്യാസ മേഖലയുടെ ജനാധിപത്യപരമായ വളർച്ചയെ തടസ്സപ്പെടുത്തുന്നതും, ഈ രംഗത്ത് കേന്ദ്രസർക്കാറിന് കൂടുതൽ പിടിമുറുക്കാൻ ലക്ഷ്യമിട്ടുള്ളതുമാണ്. ഇതിലൂടെ സാധാരണക്കാർക്കും പാർശ്വവത്കരിക്കപ്പെടുന്ന ജനവിഭാഗങ്ങൾക്കും ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് സംജാതമാകുന്നത്. യു.ജി.സി ധനസഹായത്തിനു പകരം സ്ഥാപനങ്ങളുടെ മികവിെൻറ അടിസ്ഥാനത്തിൽ മാനവ വിഭവശേഷി മന്ത്രാലയം നേരിട്ട് ധനസഹായം നൽകാനാണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്. സ്ഥിരനിയമനങ്ങൾ പരിമിതപ്പെടുത്തി ഗെസ്റ്റ് അധ്യാപക നിയമനം വ്യാപകമാക്കാൻ ബിൽ നിർദേശിക്കുന്നു. കരാർ നിയമനങ്ങൾ വ്യാപകമാക്കാനുള്ള ഈ നീക്കം ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണപരമായ ഉള്ളടക്കത്തെയും പ്രതികൂലമായി ബാധിക്കും. ഉന്നത വിദ്യാഭ്യാസമേഖലയിലെ ഏതു വിഷയത്തിലും ഇടപെടാൻ ഉന്നത വിദ്യാഭ്യാസ കമീഷന് അനിയന്ത്രിതമായ അധികാരങ്ങളാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സംസ്ഥാനങ്ങളുടെ പരിമിതമായ അധികാരങ്ങൾ പോലും കവർന്നെടുക്കാൻ ലക്ഷ്യമിട്ടുള്ള ഈ നിർദേശം ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തത്ത്വങ്ങളുടെ ലംഘനമാണെന്നും നിർദിഷ്ട നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് അദ്ദേഹം വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.