ഒരു മാസം 800 പൊലീസ് എസ്കോർട്ടുകൾ മുടങ്ങി

തൃശൂർ: എ.ആർ ക്യാമ്പിലെ പൊലീസുകാരെ ലോക്കൽ സ്റ്റേഷനുകളിൽ വിന്യസിച്ച ശേഷം ഒരു മാസത്തിനിടെ മുടങ്ങിയത് എണ്ണൂറോളം എസ്കോർട്ടുകൾ. പ്രതികളെ ജയിലിൽ നിന്ന് കോടതികളിലെത്തിക്കുന്ന എസ്കോർട്ടുകളാണ് മുടങ്ങിയത്. എസ്കോർട്ടുകൾ മുടങ്ങുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി ഡിസംബർ 21നാണ് എ.ആർ ക്യാമ്പിലുള്ളവരെ ലോക്കൽ സ്റ്റേഷനിലേക്ക് മാറ്റി കമീഷണർ ഉത്തരവിറക്കിയത്. എന്നാൽ ഇത് ലക്ഷ്യം കണ്ടില്ലെന്ന് സേനാംഗങ്ങൾ തന്നെ പറയുന്നു. ഡിസംബർ 23 മുതൽ ജനുവരി 23 വരെ 780 എസ്കോർട്ടുകൾ മുടങ്ങി. 23 മുതൽ ചൊവ്വാഴ്ച വരെ 20ഉം റദ്ദായി. ബുധനാഴ്ച മാവോവാദി നേതാവ് രൂപേഷിനെ മധുരയിലെ കോടതിയിലെത്തിക്കുന്നതുൾപ്പെടെ 155 എസ്കോർട്ടുകളുണ്ട്. എന്നാൽ കൂർക്കഞ്ചേരി പൂയം നടക്കുന്നതിനാൽ തൃശൂർ ഈസ്റ്റ്, വെസ്റ്റ്, നെടുപുഴ, ഒല്ലൂർ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരെ എസ്കോർട്ടിന് വിടാനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ബുധനാഴ്ചയിലെ എസ്കോർട്ടുകളും മുടങ്ങും. തടവുകാരെ കോടതികളിൽ എത്തിക്കുന്നില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷനും ഹൈകോടതിയും കർശന നിലപാടെടുത്ത് ഡി.ജി.പിക്ക് നിർദേശം നൽകിയിരുന്നു. എ.ആർ ക്യാമ്പിലെ പൊലീസുകാരെയാണ് തടവുകാരുടെ എസ്കോർട്ടുകൾ, ക്രമസമാധാന പാലനം, വി.ഐ.പി സുരക്ഷ, ട്രഷറി അടക്കമുള്ള സ്ഥാപനങ്ങളുടെ സുരക്ഷ എന്നിവക്കായി നിയോഗിക്കാറ്. കമീഷണർ ഓഫിസിൽ നിന്നുള്ള നിർദേശപ്രകാരം എ.ആർ ക്യാമ്പിൽ നിന്ന് പൊലീസുകാരെ വിടും. ഒരു പ്രതിക്ക് രണ്ട് പൊലീസുകാർ എന്ന നിലക്കാണ് എസ്കോർട്ട്. ട്രഷറികളടക്കമുള്ള സ്ഥാപനങ്ങളിലേക്കും ഐ.ജി അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വസതിയുൾപ്പെടെയുള്ളവക്ക് മൂന്ന് പേരെ സുരക്ഷക്കായി നിയോഗിക്കം. ഇപ്പോൾ ഒരാളെയാണ് നിയോഗിക്കുന്നത്. എന്തെങ്കിലും അപകടം സംഭവിച്ചാൽ പോലും അറിയാനാവില്ല. ഇതിനിടെ എ.ആർ ക്യാമ്പിൽനിന്ന് ലോക്കൽ പൊലീസ് സ്റ്റേഷനുകളിലേക്ക് വിന്യസിപ്പിച്ച പൊലീസുകാർ സ്റ്റേഷൻ ജോലിക്കൊപ്പം ക്യാമ്പിലെ ഡ്യൂട്ടി കൂടി ചെയ്യണം. ലോക്കൽ, ക്യാമ്പ് വ്യത്യാസമില്ലാതെ ഡ്യൂട്ടി നിർവഹിക്കണമെന്നാണ് ഉത്തരവെങ്കിലും സ്റ്റേഷനുകളിൽ വിശ്രമമില്ലാത്ത പണിയാണ്. ഇതോടൊപ്പമാണ് എസ്കോർട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.