ലളിതകല അക്കാദമി ഫെലോഷിപ്​ അട്ടിമറിച്ചു

തൃശൂർ: കേരള ലളിതകല അക്കാദമിയുടെ ഫെലോഷിപ് നൽകാൻ മുൻ ഭരണ സമിതി തയ്യാറാക്കിയ പട്ടിക ഇപ്പോഴത്തെ ഭരണസമിതി അട്ടിമറിച്ചു. വെള്ളിയാഴ്ചയാണ് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന അക്കാദമിയുടെ 2017ലെ ഫെലോഷിപ്പിന് കലാനിരൂപകൻ വിജയകുമാർ മേനോെനയും ചിത്രകാരൻ ജി. രാജേന്ദ്രനെയും തെരഞ്ഞെടുത്തത്. വിജയകുമാർ മേനോ​െൻറ തെരഞ്ഞെടുപ്പ് ചട്ടവിരുദ്ധമാണെന്ന് ശനിയാഴ്ച 'മാധ്യമം' പുറത്തുകൊണ്ടുവന്നിരുന്നു. പ്രഖ്യാപനം ചട്ടപ്രകാരമാണെന്നാണ് അക്കാദമി ചെയർമാൻ നേമം പുഷ്പരാജും സെക്രട്ടറി പൊന്ന്യം ചന്ദ്രനും വാർത്തയോട് പ്രതികരിച്ചത്. അതേസമയം, ഇന്നലെ വാർത്തയോട് പ്രതികരിച്ച അക്കാദമിയുടെ മുൻ ചെയർമാൻ സത്യപാൽ ഫെലോഷിപ് പ്രഖ്യാപനം അക്കാദമി ബൈലോയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. 'നിയോ സറിയലിസം' ശൈലിയിലൂടെ ശ്രദ്ധേയനായ ചിത്രകാരൻ ലക്ഷദ്വീപ് സ്വദേശി മുത്തുക്കോയയാണ് ഫെലോഷിപ്പിനുള്ള പട്ടികയിൽ ആദ്യം ഉണ്ടായിരുന്നത്. രഘു, ജ്യോതിബാസു, രഘുനാഥൻ തുടങ്ങി എട്ട് പേരുകളാണ് ടി.എ. സത്യപാൽ ചെയർമാനും പൊന്ന്യം ചന്ദ്രൻ സെക്രട്ടറിയുമായ ഭരണസമിതി തയാറാക്കിയത്. വിവിധ മേഖലകളിൽനിന്ന് അഭിപ്രായം തേടിയാണ് പട്ടിക തയാറാക്കിയത്. ഫെലോഷിപ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് ചില ആരോപണങ്ങളെ തുടർന്ന് സത്യപാൽ രാജിവെച്ചത്. തുടർന്ന് വൈസ് ചെയർമാൻ നേമം പുഷ്പരാജ് ചെയർമാനായി. അതിനുശേഷമാണ് ഭരണസമിതിയിലെ പ്രമുഖ അംഗത്തി​െൻറ നിർദേശപ്രകാരം പട്ടിക അട്ടിമറിച്ച് വിജയകുമാർ മേനോനെ ഫെലോഷിപ്പിന് തെരഞ്ഞെടുത്തതത്രെ. അക്കാദമി അവാർഡിനുള്ള നിയമാവലിയുടെ 11(6) പ്രകാരം രണ്ടിൽ കൂടാത്ത പ്രഗത്ഭ കലാകരന്മാർക്കാണ് ഇത് നൽകേണ്ടത്. ചിത്രകാരനോ ശിൽപിക്കോ ആണ് അർഹത. വിജയകുമാർ മേനോൻ കലാനിരൂപകനാണ്. നിയമാവലിയനുസരിച്ച് കലാനിരൂപകന് ഫെലോഷിപ് നൽകാൻ കഴിയില്ല. നിയമവിരുദ്ധമായ ഇൗ നടപടി എതിർക്കാനും സർക്കാറിനെ അറിയിക്കാനും ചുമതലപ്പെട്ട സെക്രട്ടറിക്ക് അതിൽ വീഴ്ച പറ്റി. കലാവിമർശനത്തിനുള്ള കേസരി പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് വിജയകുമാർ മേനോൻ. ഒരു ചിത്രകാരനോ ശിൽപിക്കോ ലഭിക്കേണ്ട അംഗീകാരമാണ് അക്കാദമിയുടെ ഭരണഘടന ലംഘനത്തിലൂടെ നഷ്ടപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയ സത്യപാൽ മുത്തുക്കോയ അടക്കമുള്ളവരെയാണ് നേരത്തെ പരിഗണിച്ചിരുന്നതെന്ന് വ്യക്തമാക്കി. ഫെലോഷിപ് സംബന്ധിച്ച നിർദേശം ജനറൽ കൗൺസിലിൽ സമർപ്പിക്കേണ്ടത് ചെയർമാനാണ്. തങ്ങൾ തീരുമാനിക്കുന്ന കാര്യങ്ങൾ ഭരണഘടനപരമായി ശരിയാണോ എന്ന് ജനറൽ കൗൺസിൽ അംഗങ്ങൾ പരിശോധിക്കണം. ഇതിൽ വീഴ്ച വന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കാദമി മുൻ സെക്രട്ടറി സി.കെ. ആനന്ദൻപിള്ള സാംസ്കാരിക മന്ത്രിക്കും സെക്രട്ടറിക്കും പരാതി അയച്ചതോടെയാണ് ക്രമക്കേട് പുറത്തായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.