ചാലക്കുടി: ആനമല റോഡ് നിര്‍മാണത്തിെൻറ സ്മാരകമായി പരിയാരത്തെ ദിവാന്‍ കല്ല് ആറ് പതിറ്റാണ്ട് പിന്നിടുന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട ജലവൈദ്യുതി പദ്ധതികള്‍ക്ക് വേണ്ടിയുള്ള പെരിങ്ങല്‍കുത്ത്, ഷോളയാര്‍ ഡാമുകളുടെ നിര്‍മാണത്തിന് സഹായകരമായത് ആനമല റോഡായിരുന്നു. മലക്കപ്പാറ തേയിലത്തോട്ടം മേഖലയെ വാണിജ്യപരമായി രൂപപ്പെടുത്തിയതും ആനമല റോഡിെൻറ നിര്‍മാണമായിരുന്നു. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരമേഖലയായ അതിരപ്പിള്ളിയെ സൃഷ്്ടിക്കുന്നതിലും ആനമല റോഡിന് വലിയ പ്രാധാന്യമാണുള്ളത്്. ആനമല റോഡില്‍ പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളിക്കപ്പുറത്താണ് ദിവാകല്ല് സ്ഥിതി ചെയ്യുന്നത്. റോഡ് നിര്‍മാണത്തിെൻറ ഭാഗമായി സ്ഥാപിക്കപ്പെട്ട ദിവാന്‍ കല്ല് ഇന്ന് ചരിത്രത്തിെൻറ ഭാഗമായി സംരക്ഷിക്കപ്പെടുന്നു. 70 വര്‍ഷം മുമ്പ് ഇന്നത്തെ അതിരപ്പിള്ളി റോഡ് കാഞ്ഞിരപ്പിള്ളിവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്നങ്ങോട്ട് വനമേഖലയായിരുന്നു. പെരിങ്ങല്‍കുത്ത് ഡാം നിര്‍മാണത്തിനായി സാമഗ്രികള്‍ കൊണ്ടുപോകാന്‍ വേണ്ടിയാണ് വനമേഖലയിലൂടെ റോഡ് നിര്‍മിക്കാന്‍ കൊച്ചിരാജാവ് തീരുമാനിച്ചത്. 1942ഓടെ റോഡ് നിര്‍മാണം ആരംഭിച്ചു. അന്നത്തെ കൊച്ചിദിവാനാണ് റോഡിനായുള്ള ആദ്യത്തെ മരംവെട്ട് ഉദ്ഘാടനം ചെയ്തത്. അതിെൻറ ഓര്‍മക്കായി കല്ല് സ്ഥാപിക്കുകയായിരുന്നു. ദിവാെൻറ പേര് രേഖപ്പെടുത്തിയ ഈ കല്ല് പിന്നീട് ദിവാന്‍കല്ല് എന്നറിയപ്പെടുകയും ചെയ്തു. 50കളില്‍ ഡാമിെൻറ നിര്‍മാണം പൂര്‍ത്തീകരിച്ചു. പെരിങ്ങല്‍വരെ പോകുക അപകടം നിറഞ്ഞ യാത്രയായതിനാല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്്റു ചാലക്കുടി ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ ചടങ്ങില്‍െവച്ചാണ് പെരിങ്ങല്‍കുത്ത് ഡാമിെൻറ ഉദ്ഘാടനം നിർവഹിച്ചത്. ഗതാഗതം തുറന്നു കിട്ടിയതോടെ 60കളില്‍ ഷോളയാര്‍, അപ്പര്‍ഷോളയാര്‍ ഡാമുകളുടെ നിര്‍മാണവും ആരംഭിച്ചു. അതോടെ പെരിങ്ങലില്‍നിന്ന് സംസ്ഥാന അതിര്‍ത്തിയായ വാല്‍പ്പാറ വരെയുള്ള ഭാഗത്തേക്ക് റോഡ് നീട്ടി. അതോടെ ചാലക്കുടിയേയും തമിഴ്‌നാട്ടിലെ വാല്‍പ്പാറയേയും ബന്ധപ്പെടുത്തുന്ന അന്തര്‍ സംസ്ഥാന പാതയായി മാറി ഈ റോഡ്. ആനമല റോഡ് എന്നാണ് അക്കാലത്ത് ഈ റോഡിനെ വിളിച്ചിരുന്നത്. പിന്നീട് ചാലക്കുടിയെ തടി വ്യവസായ കേന്ദ്രമാക്കുന്നതില്‍ ആനമല പാത മുഖ്യപങ്ക് വഹിച്ചു. റോഡ് നിർമിക്കുന്നതിന് മുമ്പ് ട്രാംവേ മാര്‍ഗമാണ് കാട്ടിലെ തടി നാട്ടിലെത്തിച്ചിരുന്നത്. ആനമല റോഡിെൻറ വികസനത്തോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് വിനോദസഞ്ചാരമേഖല വികസിക്കുകയായിരുന്നു. ഇതിനിടയില്‍ നാശോന്മുഖമായ ദിവാന്‍കല്ല് സര്‍ക്കാര്‍ ഉചിതമായി സംരക്ഷിച്ചതോടെ ചരിത്രസ്മാരകമായി മാറുകയായിരുന്നു. ഇന്നിത് ചരിത്രത്തിെൻറ ഓര്‍മ പുതുക്കലായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.