മലയോരത്തെ പാടങ്ങളില്‍ പുഞ്ചകൃഷി തിരികെയെത്തുന്നു

കൊടകര: വേനലില്‍ തിരിശിട്ടിരുന്ന മലയോരത്തെ നെല്‍പാടങ്ങളിലേക്ക്് പുഞ്ചകൃഷി തിരികെയെത്തുന്നു. വെള്ളിക്കുളം വലിയ തോട്ടില്‍ ജലസംഭരണം കാര്യക്ഷമമാക്കിയതും മൂപ്പുകുറഞ്ഞ നെല്‍വിത്ത് ലഭ്യമായതുമാണ് മൂന്നാം വിളയായ പുഞ്ചകൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് സൗകര്യമായത്. മറ്റത്തൂര്‍ കൃഷിഭവ​െൻറ പരിധിയിലുള്ള പാടശേഖരങ്ങളില്‍ മിക്കതും മൂന്നുതവണ കൃഷിയിറക്കുന്ന നിലങ്ങളായിരുന്നു. ജലസേചനത്തിന് വേണ്ടത്ര സൗകര്യമില്ലാതിരുന്ന കാലത്തും വെള്ളം തേവി നനച്ചാണ് ഇവിടെ ആണ്ടില്‍ മൂന്നുവട്ടം നെല്‍കൃഷി ചെയ്തിരുന്നത്. തടയണകളും ചെറുകിട ജലസേചനപദ്ധതികളും സ്ഥാപിച്ച് ജലസേചന സൗകര്യം വര്‍ധിപ്പിച്ചെങ്കിലും കൃഷിച്ചെലവും തൊഴിലാളി ക്ഷാമവും പ്രതിസന്ധി സൃഷ്്ടിച്ചു. മിക്ക പാടശേഖരങ്ങളിലും പുഞ്ചകൃഷി ഇല്ലാതായി. മഴക്കാലത്തെ കൃഷിനാശം ഭയന്ന് വിരിപ്പുകൃഷിയും കുറഞ്ഞു. ഒട്ടുമിക്ക പാടശേഖരങ്ങളിലും മുണ്ടകന്‍ വിള മാത്രമായി ചുരുങ്ങി. മറ്റത്തൂര്‍ കൃഷിഭവന് കീഴില്‍ 17 പാടങ്ങളുള്ളതില്‍ പുഞ്ചകൃഷിയിറക്കുന്നത് രണ്ടെണ്ണത്തില്‍ മാത്രമാണ്. രണ്ട് പതിറ്റാണ്ടിലേറെയായി വേനല്‍ക്കാലത്ത് തരിശുകിടന്ന മാങ്കുറ്റിപ്പാടം പാടശേഖരം ഇക്കുറി പുഞ്ചകൃഷിയുടെ പച്ചപ്പണിയാനൊരുങ്ങുകയാണ്. ഈ പാടശേഖരത്തിലെ 20പറനിലത്തിലാണ് കര്‍ഷകനായ ശിവരാമന്‍ പോതിയില്‍ മൂന്നാം വിളയിറക്കുന്നത്. വെള്ളിക്കുളം വലിയ തോട്ടിലെ തടയണകളില്‍ മരപ്പലകകള്‍ മാറ്റി ഇരുമ്പ് ഷട്ടറുകള്‍ സ്ഥാപിച്ച് ജലസംഭരണം കാര്യക്ഷമമാക്കിയതും ചാലക്കുടി ഇറിഗേഷന്‍ പദ്ധതിയില്‍നിന്ന് മറ്റത്തൂര്‍ കനാല്‍ വഴി രണ്ടാഴ്ചയിലൊരിക്കല്‍ വെള്ളം ലഭ്യമാക്കാമെന്ന് അധികൃതര്‍ നല്‍കിയ ഉറപ്പുമാണ് പുഞ്ചകൃഷി കൃഷിചെയ്യാന്‍ പ്രചോദനമായതെന്ന് ശിവരാമന്‍ പോതിയില്‍ പറഞ്ഞു. 85 ദിവസം കൊണ്ട് വിളവെടുക്കാനാകുന്ന മൂപ്പുകുറഞ്ഞ നെല്‍വിത്തിനം ലഭ്യമായതും പുഞ്ചകൃഷി ചെയ്യുന്നവര്‍ക്ക്് പ്രോത്സാഹനമായിട്ടുണ്ട്. എച്ച് വണ്‍ 60 എന്നു പേരുള്ള പുതിയ ഇനം ഉപയോഗിച്ച് പുഞ്ചകൃഷി ചെയ്യുന്നതിലൂടെ അടുത്തവര്‍ഷത്തേക്കാവശ്യമായ വിത്തുസംഭരണവും ഇവര്‍ ലക്ഷ്യം വെക്കുന്നു. മാങ്കുറ്റിപ്പാടം പാടശേഖരത്തിന് പുറമെ പാറക്കുഴി പാടം, നൂലുവള്ളിപ്പാടം, കോപ്ലിപ്പാടം എന്നിവിടങ്ങളിലും പുഞ്ചകൃഷിയുണ്ട്. ജലലഭ്യത ഉറപ്പായാല്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ പുഞ്ചകൃഷിയിറക്കാന്‍ തയാറാകുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.