തൃശൂർ: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഏങ്ങണ്ടിയൂർ സ്വദേശിയായ ദലിത് യുവാവ് വിനായകെൻറ ദുരൂഹ മരണം സംബന്ധിച്ച കേസ് പുതിയ ദിശയിലേക്ക്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി പി.എൻ. ഉണ്ണിരാജയോട് നേരിട്ട് ഹാജരാവാൻ ലോകായുക്ത നോട്ടീസയച്ചു. ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രനാണ് കേസ് പരിഗണിച്ചത്. കേസ് അന്വേഷിച്ചിരുന്ന പാലക്കാട് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖിനെ ലോകായുക്ത നാലാം പ്രതിയാക്കിയതിന് പിന്നാലെ തിങ്കളാഴ്ച വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് നിർണായക നീക്കങ്ങളുണ്ടായത്. പട്ടികജാതി അതിക്രമ നിരോധന നിയമത്തിലെ വകുപ്പും ആത്മഹത്യ പ്രേരണ വകുപ്പുകളും ചുമത്താതിരുന്നത് സഹപ്രവർത്തകരെ സംരക്ഷിക്കാനോ മേലുദ്യോഗസ്ഥരുടെ സമ്മർദങ്ങൾക്ക് വഴങ്ങിയോ ആണോ എന്ന് ചോദിച്ച ലോകായുക്ത, ഇങ്ങനെയെങ്കിൽ ഡി.ജി.പിയെ വിളിച്ചുവരുത്തേണ്ടി വരുമെന്ന് വാക്കാൽ പരാമർശിച്ചു. ഇത്തരം വകുപ്പുകൾ ചുമത്താത്തതിന് തേടിയ വിശദീകരണ നോട്ടീസിന് ഡിൈവ.എസ്.പി നൽകിയ മറുപടി ലോകായുക്ത തള്ളി. ഉദ്യോഗസ്ഥൻ കൃത്യമായി മനസ്സിലാക്കിയല്ല മറുപടി നൽകിയതെന്ന് ലോകായുക്ത നിരീക്ഷിച്ചു. കേസ് അന്വേഷണം ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജക്ക് കൈമാറിയതിനെയും ലോകായുക്ത വിമർശിച്ചു. 2017 നവംബറിൽ കേസ് പരിഗണിച്ചപ്പോഴുണ്ടായ പരാമർശത്തിെൻറ അടിസ്ഥാനത്തിലാണോ പുതിയ അന്വേഷണത്തിന് നിർദേശിച്ചതെന്ന് ചോദിച്ച ലോകായുക്ത, ഇതിെൻറ ഉത്തരവ് ഹാജരാക്കാൻ ആവശ്യപ്പെട്ടാണ് എസ്.പിക്കും ഡിവൈ.എസ്.പിക്കും നോട്ടീസയക്കാൻ ഉത്തരവിട്ടത്. മാർച്ച് രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. വിനായകെൻറ മാതാപിതാക്കളും സഹോദരനും തിങ്കളാഴ്ച കോടതിയിൽ ഹാജരായിരുന്നു. 2017 ജൂൺ 17ന് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത വിനായകനെ 18നാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.