ഡി.സി.സി ഇടപെട്ടിട്ടും കോൺഗ്രസ് പുകഞ്ഞുതന്നെ

ഗുരുവായൂര്‍: ഡി.സി.സി ഇടപെട്ട് 'വെടിനിർത്തൽ'നടപ്പാക്കിയിട്ടും കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു. കഴിഞ്ഞ തവണ കൗൺസിലിൽ കോൺഗ്രസ് അംഗങ്ങൾ ചേരിതിരിഞ്ഞ സംഭവം ആവർത്തിക്കാതിരിക്കാൻ ഡി.സി.സി നടത്തിയ നീക്കം താൽക്കാലിക ഫലം കണ്ടെങ്കിലും പ്രശ്നം തീരാൻ ഇനിയും ചികിത്സ വേണമെന്നാണ് വ്യാഴാഴ്ചയിലെ കൗൺസിലിൽ മനസ്സിലായത്. കൗൺസിലർമാരുടെ പ്രകടനം നിരീക്ഷിച്ച് സന്ദർശക ഗാലറിയിൽ മണ്ഡലം പ്രസിഡൻറ് ഒ.കെ.ആർ. മണികണ്ഠൻ ഉണ്ടായിരുന്നെങ്കിലും പലരും പലപ്പോഴും പാളി. അമ്പാടി ഡോർമിറ്ററി കെട്ടിടം പൊളിച്ച് ഷോപ്പിങ് കോംപ്ലക്സ് പണിയുന്നതിനെ എ.ടി. ഹംസ എതിർത്തു. കെട്ടിടം പൊളിക്കാതെ മറ്റ് സ്ഥലങ്ങളിൽ ഷോപ്പിങ് കോംപ്ലക്സ് പണിയണമെന്നായിരുന്നു നിർദേശം. എന്നാൽ കോൺഗ്രസിലെ പി.എസ്. പ്രസാദ് കെട്ടിടം പൊളിക്കുന്നതിനെ അനുകൂലിച്ചു. കെട്ടിടത്തിലെ വ്യാപാരികളെ പുനരധിവസിപ്പിച്ചാൽ മതിയെന്നായിരുന്നു അദ്ദേഹത്തി​െൻറ നിലപാട്. പ്രസാദി​െൻറ നിലപാടാണ് നഗരസഭ അംഗീകരിച്ചത്. കോൺഗ്രസ് സ്ഥാപിച്ച മഹാത്മാഗാന്ധി സ്ക്വയർ എന്ന ബോർഡ് നീക്കം ചെയ്തത് കൗൺസിലി​െൻറ തുടക്കത്തിൽ ഉന്നയിക്കാൻ നേരത്തെ തീരുമാനിച്ചതായിരുന്നെങ്കിലും മൂന്നാമത്തെ അജണ്ട എത്തിയപ്പോഴാണ് എ.ടി. ഹംസ വിഷയം ഉന്നയിച്ചത്. ലൈബ്രറി വളപ്പിലെ തുറന്ന വേദിക്ക് ഇ.എം.എസ് സ്ക്വയർ എന്ന് പേരിട്ടതിനെ യു.ഡി.എഫ് എതിർത്തു. എന്നാൽ ഇക്കാര്യം ചർച്ച ചെയ്ത കൗൺസിലിൽ ആരും എതിരഭിപ്രായം പറഞ്ഞിരുന്നില്ലെന്ന് അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഗാന്ധിജിയുടെ പ്രതിമക്ക് വേണ്ടി നിലകൊള്ളുമ്പോൾ ഇടതുപക്ഷം ഗാന്ധി ഉയർത്തിയ മൂല്യങ്ങൾക്കായാണ് നിലകൊള്ളുന്നതെന്ന് സി.പി.എമ്മിലെ കെ.വി. വിവിധ് പറഞ്ഞു. കോൺഗ്രസിലെ ഭിന്നത കണ്ട് മനപ്പായസമുണ്ണേണ്ടെന്നും കൈയിലുള്ളത് വിട്ട് പറക്കുന്നതിനെ പിടിക്കാൻ പോകുന്നവരുടെ അവസ്ഥ സി.പി.എമ്മിന് വരുമെന്നും ആേൻറാ തോമസ് പറഞ്ഞു. അർബൻ ബാങ്ക് വിവാദത്തിലും പ്രതിപക്ഷ നേതൃമാറ്റ വിവാദത്തിലും കടുത്ത നിലപാട് സ്വീകരിച്ചിരുന്ന ബഷീർ പൂക്കോട് കൗൺസിലിൽ എത്തിയില്ല. തിങ്കളാഴ്ച ഡി.സി.സി ഓഫിസിൽ കൗൺസിലർമാരുടെ യോഗം ചേരാമെന്നും അതുവരെ ഒന്നിച്ച് നിൽക്കണമെന്നുമായിരുന്നു ബുധനാഴ്ച നടന്ന കോൺഗ്രസ് യോഗത്തിലെ ധാരണ. കൗൺസിലിലെ പരസ്യ വിഴുപ്പലക്കൽ ഒഴിവാക്കാനായെങ്കിലും പ്രശ്നം തീർന്നില്ലെന്ന സന്ദേശമാണ് കൗൺസിൽ നൽകിയത്. പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ കെ.പി. വിനോദ്, സുരേഷ് വാര്യർ, ടി.ടി. ശിവദാസൻ, നിർമല കേരളൻ, ആേൻറാ തോമസ്, എ.ടി. ഹംസ, ജോയ് ചെറിയാൻ, പി.എസ്. രാജൻ, ടി.എസ്. ഷെനിൽ, ഹബീബ് നാറാണത്ത്, റഷീദ് കുന്നിക്കൽ, ശോഭ ഹരിനാരായണൻ, സ്വരാജ് താഴിശേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.