അഴീക്കോട്: അഴീക്കോട് - മുനമ്പം പാലം നിർമാണത്തിനുള്ള നടപടി വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിയമസഭയിൽ അറിയിച്ചു. ഇ.ടി. ടൈസൻ എം.എൽ.എയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 160 കോടി ചെലവിൽ നിർമിക്കുന്ന പാലത്തിന് ഇൻലാൻഡ് നാവിഗേഷൻ ക്ലിയറൻസ് അഞ്ചുവർഷം മുമ്പ് ലഭിച്ചു. പുതുക്കിയ ഡിസൈന് വേണ്ടി ചീഫ് എൻജിനീയറുടെ ആവശ്യപ്രകാരം ഉൾനാടൻ ജലപാത അതോറിറ്റിക്ക് എക്സിക്യൂട്ടീവ് എൻജിനീയർ കത്തു നൽകിയിട്ടുണ്ട്. ക്ലിയറൻസ് ലഭിച്ചാലേ പുതിയ രൂപകൽപന തീർപ്പാക്കാനും എസ്റ്റിമേറ്റ് സമർപ്പിക്കാനും സാധിക്കൂ. പാലം നിർമാണത്തിനായി എറണാകുളം ജില്ലയിൽ 0.2099 ഹെക്ടറും തൃശൂർ ജില്ലയിൽ 0.2405 ഹെക്ടറും ഭൂമി ഏറ്റെടുക്കണം. ഭൂമിവില, പുനരധിവാസം, സാമൂഹിക ആഘാത പഠനം എന്നിവക്ക് ഇരു ജില്ലകളിലുമായി 14.62 കോടി വേണ്ടിവരുമെന്ന് ജില്ല കലക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇതിന് കിഫ്ബിയിൽനിന്ന് സാമ്പത്തികാനുമതി ലഭ്യമാക്കുന്നതിന് എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിനെ ഏൽപിച്ചിരുന്നു. ഭരണാനുമതിക്കു ശേഷം സാമൂഹിക ആഘാത പഠനം നടത്തിയാൽ മതിയെന്ന് കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. സാമൂഹികാഘാത പഠനം നടത്തണമെന്ന് ഉത്തരവിലൂടെ എറണാകുളം ജില്ല കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.