ചെന്ത്രാപ്പിന്നി: ചാമക്കാല ബീച്ചിലെ യുവ കൂട്ടായ്മയുടെ 53 ദിവസത്തെ കാത്തിരിപ്പിലും കാവലിരിപ്പിനും ഫലമുണ്ടായി. ഇവർ സംരക്ഷിച്ച കടലാമയുടെ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തിറങ്ങി. എഴുപത്തിരണ്ട് മുട്ടകളിൽ 40 ഓളം മുട്ടകളാണ് ഞായറാഴ്ച വിരിഞ്ഞത്. ഇവയെ ആദ്യം ചെറിയ ജലസംഭരണിയിൽ ഇട്ടു. തിങ്കളാഴ്ച വൈകുന്നേരത്തോടെ എല്ലാറ്റിനേയും കടലിലേക്ക് ഇറക്കി വിട്ടു. കടലോരത്ത് കാറ്റുകൊണ്ടിരുന്ന യുവാക്കളാണ് കടലാമ കരക്കു കയറുന്നത് കണ്ടത്. നിലാവെളിച്ചത്തിൽ കൗതുകത്തോടെ നിരീക്ഷിച്ചപ്പോഴാണ് മുട്ടയിടാനെത്തിയതാണെന്ന് അറിഞ്ഞത്. അന്നു തന്നെ പ്രദേശത്തെ ടീം ഓഫ് ചാമക്കാലയുടെ നേതൃത്വത്തിൽ മുട്ടകൾ ഇട്ട സ്ഥലങ്ങൾ വേലികെട്ടി സംരക്ഷിച്ചു. 25 ഓളം യുവാക്കൾ മാറി മുട്ടകൾക്ക് കാവൽനിന്നു. സ്കൂൾ വിദ്യാർഥികളുൾപ്പെടെ ഒട്ടേറെ പേരാണ് ആമ കുഞ്ഞുങ്ങളെ കാണാൻ എത്തിയിരുന്നത്. ബാക്കിയുള്ള മുട്ടകളും കൂടി വിരിയുന്നതുവരെ സംരക്ഷണം ഒരുക്കുമെന്ന് ടീം ഓഫ് ചാമക്കാലയുടെ ഭാരവാഹികൾ പറഞ്ഞു. ചാമക്കാല ബീച്ചിൽ ആദ്യമായാണ് കടലാമ മുട്ടകൾക്ക് സംരക്ഷണം ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.