തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജില്‍ വിപുലമായ സൗകര്യങ്ങളോടെ കൂടുതല്‍ രോഗീ സൗഹൃദമുഖം വരുന്നു. സര്‍ക്കാർ നവകേരള മിഷനിലെ 'ആര്‍ദ്രം' പദ്ധതിയുടെ ഭാഗമായി 3.96 കോടി ചെലവിലാണ് പുതിയ സൗകര്യങ്ങള്‍ ഒരുക്കുന്നത്. ആദ്യഘട്ടം ഈ മാസം പൂർത്തിയാവും. ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ പെങ്കടുപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവർക്ക് പദ്ധതി ഏറെ ആശ്വാസമാകും. രോഗികളുടെ തിരക്ക് ഒഴിവാക്കാനും പെട്ടെന്ന് ചികിത്സ ലഭ്യമാക്കാനും ഒ.പി കൗണ്ടറുകളുടെ എണ്ണം എട്ടാക്കി ഉയര്‍ത്തും. എല്ലാ ഒ.പികളിലും ടോക്കണ്‍ സംവിധാനം ക്രമീകരിക്കും. മെയിന്‍ ലോബിയിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ ആവശ്യത്തിന് കസേര, വാട്ടര്‍ കൂളർ എന്നിവ സ്ഥാപിക്കും. കുട്ടികളുടെയും അമ്മമാരുടെയും ഒ.പികളില്‍ വിശ്രമിക്കാനും മുലയൂട്ടാനും മാതൃസൗഹാര്‍ദ മുറി ഒരുക്കും. ഈ പണികള്‍ പൂര്‍ത്തിയായി വരികയാണ്. നേത്രരോഗ വിഭാഗത്തില്‍ ആവശ്യമായ പരിശോധനകള്‍ക്കായി പ്രത്യേകം സൗകര്യം ഒരുക്കും. ഐ.സി.യു, തിയറ്റര്‍ എന്നിവയുടെ പരിസരത്ത് രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഇരിക്കാനുള്ള സൗകര്യവും രോഗികളുടെ വിവരം തല്‍സമയം അറിയിക്കാനുള്ള പബ്ലിക് അനൗണ്‍സ്മെൻറ് സിസ്റ്റം, ടി.വി ഡിസ്പ്ലേ യൂനിറ്റ് എന്നിവയും സ്ഥാപിക്കും. എല്ലാ കാഷ് കൗണ്ടറും ഏകീകരിക്കും. ആശുപത്രിയുടെ മുന്നിലുള്ള റോഡും പാര്‍ക്കിങ്ങും പുനഃക്രമീകരിക്കും. റോഡില്‍ ടൈൽ വിരിക്കും. ഒ.പി മുതല്‍ അത്യാഹിത വിഭാഗം വരെ പോകാൻ റോഡ് നിര്‍മിച്ച് ടൈല്‍ വിരിക്കും. രോഗികൾക്ക് വീല്‍ചെയറും ട്രോളിയും ലഭ്യമാക്കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയെൻറ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തൃശൂര്‍ മെഡിക്കല്‍ കോളജിെൻറ വികസനപദ്ധതി അംഗീകരിച്ചത്. ഡോ. സി. രവീന്ദ്രനാണ് 'ആര്‍ദ്രം' പദ്ധതിയുടെ േനാഡല്‍ ഓഫിസര്‍. പ്രിന്‍സിപ്പല്‍ ചെയര്‍മാനായ കോര്‍ ടീം പദ്ധതിക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ആദ്യഘട്ടം പ്രവര്‍ത്തനം 15നകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ഡോ. രവീന്ദ്രന്‍ പറഞ്ഞു. മേയ് മാസത്തോടെ ആര്‍ദ്രം പദ്ധതി പൂര്‍ണമായ തോതിലും നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.