സ്​റ്റിക്കറും കുട്ടികളെ തട്ടിക്കൊണ്ടു പോകൽ പ്രചാരണവ​​ും; പൊലീസ്​ ജാഗ്രതയിൽ

തൃശൂർ: വീടുകളിലെ ജനൽ ചില്ലുകളിൽ കറുത്ത സ്റ്റിക്കർ പ്രത്യക്ഷപ്പെടുന്നതും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണവും ജനങ്ങളെ ആശങ്കയിലാഴ്ത്തിയ സാഹചര്യത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പൊലീസ് പറയുന്നുണ്ടെങ്കിലും ജാഗ്രത പാലിക്കാൻ ഐ.ജിമാർക്ക് ഡി.ജി.പി സർക്കുലറിലൂടെ നിർദേശം നൽകി. രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തിയത് കൂടാതെ പട്രോളിങ് സംഘത്തിൽ വനിത സേനാംഗങ്ങളുമുണ്ടാകും. സിറ്റി പൊലീസ് പരിധിയിൽ ഇതിനായി ദിനവും 40 വനിത പൊലീസുകാരെ നിയോഗിച്ചു. സിറ്റിയിലെ 12 പൊലീസ് സ്റ്റേഷനുകളിലും എല്ലാ ദിവസവും ഒരു എസ്.ഐ/ എ.എസ്.ഐയുടെ നേതൃത്വത്തിൽ രണ്ട് പൊലീസുകാർ ഉൾപ്പെടുന്ന സംഘമായി രാത്രികാല പട്രോളിങ് ഇപ്പോൾ നടക്കുന്നുണ്ട്. ഇതോടൊപ്പമാണ് പൊലീസ് അക്കാദമിയിൽ പരിശീലനത്തിൽ ഏർപ്പെട്ട ബാച്ചിലെ മൂന്ന് വനിത പൊലീസ് ട്രെയിനികളെ കൂടി ഉൾപ്പെടുത്തിയത്. പട്രോളിങ് സംഘങ്ങൾ രാത്രി കേന്ദ്രീകൃത വാഹന പരിശോധന നടത്തും. മുതിർന്ന പൗരന്മാരും സ്ത്രീകളും കുട്ടികളും തനിച്ച് താമസിക്കുന്ന വീടുകളിൽ പ്രത്യേക ശ്രദ്ധയുണ്ടാകും. ഇതോടൊപ്പം തൃശൂർ, ഗുരുവായൂർ സബ് ഡിവിഷനുകൾ കേന്ദ്രീകരിച്ച് പട്രോളിങ്ങിന് ദിവസവും രണ്ട് സംഘങ്ങളെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. ഇവർക്കൊപ്പവും രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥരുണ്ട്. അസ്വാഭാവിക സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലും സിറ്റി പൊലീസ് കൺട്രോൾ റൂമിലും (100, 2424193, 2424111) ബന്ധപ്പെടാം. ഐ.ജി എം.ആർ. അജിത്കുമാറി​െൻറ നിർദേശപ്രകാരം അക്കാദമി പരിശീലന വിഭാഗം മേധാവി ഡി.ഐ.ജി അനൂപ് കുരുവിള, കമീഷണർ രാഹുൽ ആർ. നായർ എന്നിവരുടെ മേൽനോട്ടത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.