തൃശൂർ: പ്രളയത്തിൽ കുത്തിയൊലിച്ച് വന്ന് പെരിങ്ങൽകുത്ത് ഡാമിൽ തടഞ്ഞ കൂറ്റൻ മരക്കൂട്ടങ്ങൾ ഖലാസികൾ നീക്കിത്തുടങ്ങി. വെള്ളത്തിൽ മുങ്ങി മരം മുറിക്കുന്നതിൽ വൈദഗ്ധ്യമുള്ള മൂന്നുപേരടക്കം ഒമ്പതംഗ സംഘമാണ് എത്തിയത്. സംഘത്തിൽ മൂന്ന് പേർ കൂടി വെള്ളിയാഴ്ച ചേരുമെന്ന് വൈദ്യുതി ബോർഡ് അധികൃതർ പറഞ്ഞു. ആദിവാസികളും പെരിങ്ങലിലെ പ്രാദേശിക തൊഴിലാളികളുമടക്കം നാല് പേർ സഹായത്തിനുണ്ട്. ഒമ്പത് ലക്ഷം രൂപക്ക് എറണാകുളത്തെ ഏജൻസിയാണ് കരാർ എടുത്തത്. വെള്ളിയാഴ്ച എത്തുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും സംഘം വ്യാഴാഴ്ച തന്നെ എത്തി. ഉച്ചകഴിഞ്ഞ് മൂന്നോടെ ജോലി തുടങ്ങി. മരങ്ങളും മുളകളും നീക്കാൻ 15 ദിവസം വേണമെന്നാണ് ഇവർ അറിയിച്ചതെന്ന് അധികൃതർ പറഞ്ഞു. ഡാമിനു മുകളിൽ 15 മരങ്ങൾ ഉണ്ട്. ഇത് മുറിക്കുന്ന ജോലിയാണ് വ്യാഴാഴ്ച തുടങ്ങിയത്. ഇത് പൂർത്തിയായശേഷം വെള്ളത്തിൽ കിടക്കുന്നവ മാറ്റും. ഇൗ ജോലിയാണ് ശ്രമകരം. ഡാമിലും വെള്ളത്തിലുമുള്ള മരങ്ങൾ നീക്കം ചെയ്യാൻ 10 ദിവസം വേണമെന്ന് ഖലാസികൾ പറഞ്ഞു. കൂറ്റൻ മരങ്ങളിൽ ചിലത് ഷട്ടറിൽ കുടുങ്ങിയിട്ടുണ്ട്. ഇവ നീക്കാൻ 10 ദിവസം വേണം. മരങ്ങൾ പൂർണമായും നീക്കിയാലേ ഡാമിന് കേടുപാടുകളുണ്ടോയെന്ന പരിശോധന സാധ്യമാവൂ. അതേസമയം, ജലനിരപ്പ് താഴ്ന്നെങ്കിലും ഷട്ടറിൽ മരങ്ങൾ കുടുങ്ങി കിടക്കുന്നതുമൂലം വൻതോതിൽ ജല നഷ്ടമുണ്ടാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.