ക്യാമ്പിൽ ഓണം ഉണ്ണുന്നത്​ 12,649 പേർ

ചാവക്കാട്: താലൂക്ക് പരിധിയിൽ ഇത്തവണ 3,838 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ ഒാണം ആഘോഷിക്കും. ഗുരുവായൂർ, മണലൂർ, നാട്ടിക മേഖലകളിലെ 19 വില്ലേജുകളിലായി 66 ദുരിതാശ്വാസ ക്യാമ്പുകളാണ് അവശേഷിക്കുന്നത്. താലൂക്ക് അധികൃതർ വെള്ളിയാഴ്ച വൈകീട്ട് നാലിന് തയാറാക്കിയ കണക്കനുസരിച്ച് 12,649 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ ഒാണം ആഘോഷിക്കുക. താലൂക്കിൽ കഴിഞ്ഞ 16 മുതൽ ആരംഭിച്ച 115 ക്യാമ്പുകളിൽ ഇതിനകം 49 ക്യാമ്പുകളിലെ 2346 കുടുംബങ്ങളിലെ 8888 പേർക്ക് മാത്രമാണ് വീടുകളിലേക്ക് തിരിച്ചുപോകാനായത്. വീടുകളിലെ വെള്ളക്കെട്ട് പൂർണമായും താഴാത്തതും വാസയോഗ്യമാകാത്തതുമാണ് പല കുടുംബങ്ങളും തിരിച്ചുപോകാതെ ക്യാമ്പിൽ തന്നെ കഴിയാൻ കാരണം. ചാവക്കാട് മണത്തല വില്ലേജിൽ രണ്ട് ക്യാമ്പുകളിലായി 100 കുടുംബങ്ങളാണുള്ളത്. ഗുരുവായൂർ, തൈക്കാട്, വലപ്പാട് വില്ലേജുകളിൽ ക്യാമ്പുകളില്ല. മുല്ലശേരിയിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകളുള്ളത്. ഇവിടെ 11 ക്യാമ്പുകളിലായി 328 കുടുംബങ്ങളും 1304 ആളുകളാണ് താമസിക്കുന്നത്. എട്ട് ക്യാമ്പുകളുള്ള വാടാനപ്പള്ളി വില്ലേജിലാണ് ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്നത്. 879 കുടുംബങ്ങളിലായി 2979 പേരാണിവിടെ കഴിയുന്നത്. കടപ്പുറം, എളവള്ളി വില്ലേജുകളിൽ ഓരോ ക്യാമ്പുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഒരുമനയൂർ വില്ലേജിലെ നാഷനൽ ഹുദ സ്കൂളിൽ ഓണ സദ്യയോടെയാണ് ക്യാമ്പ് അവസാനിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.