തൃശൂർ: അരണാട്ടുകരയിലെ ദുരിതാശ്വാസ ക്യാമ്പ് ഇപ്പോൾ ഒരു കല്യാണവീടാണ്. ഒരാഴ്ച കഴിഞ്ഞാൽ നടക്കാനിരിക്കുന്ന വിവാഹത്തിന് ഒരുങ്ങുകയാണ് ക്യാമ്പംഗങ്ങളും സനിതയുടെ മാതാപിതാക്കളും. സെപ്റ്റംബർ രണ്ടിന് നടക്കേണ്ട മകളുടെ വിവാഹം എങ്ങനെ നടത്തണമെന്ന് അറിയാതെ നട്ടംതിരിഞ്ഞ സണ്ണി എടശ്ശേരി- ശോഭന ദമ്പതികൾക്ക് കൈത്താങ്ങായത് വാർഡ് കൗൺസിലർ ലാലി ജെയിംസും സുനിൽ ലാലൂരും അടക്കമുള്ള സാമൂഹികപ്രവർത്തകരാണ്. പ്രളയത്തിൽ അരണാട്ടുകര കടവാരത്തെ പുറമ്പോക്കിലുള്ള ഇവരുടെ വീട് മാത്രമല്ല, മകളുടെ വിവാഹസ്വപ്നങ്ങൾ കൂടി തകരുന്നത് കണ്ടുനിൽക്കാനെ മാതാപിതാക്കൾക്ക് കഴിഞ്ഞുള്ളൂ. വിവാഹെച്ചലവുകൾക്ക് വേണ്ടിയുള്ള പണത്തിന് ഓടിനടക്കുന്നതിനിടെയാണ് വീട് നിലംപൊത്തി അരണാട്ടുകര സെൻറ് ആൻസ് സ്കൂളിൽ അഭയാർഥികളായി ഇവരെത്തിയത്. വിവരം അറിഞ്ഞതോടെ അരണാട്ടുകരയിൽ താമസിക്കുന്ന കൗൺസിലർ ലാലി ജെയിംസ് എൽത്തുരുത്തിലുള്ള സ്വന്തം വീട് കല്യാണാവശ്യത്തിന് തുറന്നുകൊടുത്തു. സാരി വാങ്ങിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി 15,000 രൂപയും നൽകി. സനിതക്ക് അഞ്ച് പവനെങ്കിലും സ്വർണം കൊടുക്കണമെന്ന ആഗ്രഹത്തിന് കൂട്ടുനിന്നത് നഗരത്തിലെ ചില സ്വർണ വ്യാപാരികളാണ്. പലരും അരപവനും ഒരുപവനും നൽകി. ഇനിയും ചില സുമനസ്സുകൾ കൂടി മനസ്സുവെച്ചാൽ മാംഗല്യത്തിന് മാറ്റുകൂടുമെന്നാണ് ക്യാമ്പ് നടത്തിപ്പുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.