ഇരിങ്ങാലക്കുടയില്‍ നൂറിലേറെ ദുരിതാശ്വാസ ക്യാമ്പുകള്‍

ഇരിങ്ങാലക്കുട: പ്രളയക്കെടുതിയില്‍ ഇരിങ്ങാലക്കുടയിലെ വിവിധ പ്രദേശങ്ങളിലായി നൂറിലധികം ക്യാമ്പുകളിലായി ഏകദേശം 14,000 പേരാണ് കഴിയുന്നത്. സര്‍ക്കാറി​െൻറയും വിവിധ സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തില്‍ ക്യാമ്പുകളില്‍ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും എത്തിക്കുന്നുണ്ട്. ഇരിങ്ങാലക്കുട ഐ.സി.എല്‍ മാനേജിങ് ഡയറക്ടര്‍ കെ.ജി. അനില്‍കുമാര്‍ വിവിധ ക്യാമ്പുകളില്‍ ആവശ്യത്തിനുള്ള വസ്ത്രങ്ങള്‍ എത്തിക്കുന്നുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ വൈദ്യ സഹായവും ലഭ്യമാക്കുന്നുണ്ട്. നടൻ ടൊവീനോയും ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. ഇരിങ്ങാലക്കുട മേഖലയില്‍ പ്രളയം ഏറ്റവും ബാധിച്ചത് പടിയൂര്‍, എടതിരിഞ്ഞി, കാക്കത്തുരുത്തി പ്രദേശങ്ങളിലെ ജനങ്ങളെയാണ്. ഈ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ സ്പീഡ് ബോട്ടുകളിലും വഞ്ചികളിലുമായിട്ടാണ് ഇരിങ്ങാലക്കുടയിലെ വിവിധ ക്യാമ്പുകളിലേക്ക് എത്തിക്കുന്നത്. ഇരിങ്ങാലക്കുട പൂച്ചക്കുളത്തിന് പടിഞ്ഞാറോട്ട് പടിയൂര്‍, എടതിരിഞ്ഞി, കാക്കാത്തുരുത്തി പ്രദേശങ്ങളിലേക്ക് വെളളപ്പൊക്കം മൂലം പൂർണമായും ഗതാഗതം നിലച്ചിരിക്കുകയാണ്. വൈദ്യുതിയും നിലച്ചിരിക്കുകയാണ്. കാട്ടൂര്‍ കാറളം, കരുവന്നുര്‍ തുറവന്‍കുന്ന്, ഊരകം,തുടങ്ങിയ പ്രദേശങ്ങളിലേക്കും ഗതാഗതം നിലച്ചിരിക്കുകയാണ്. ക്യാമ്പുകളില്‍ പുതിയതായി ഓരോ പ്രദേശങ്ങളില്‍നിന്നും ആളുകള്‍ എത്തിക്കൊണ്ടിരിക്കുമ്പോഴാണ് പ്രളയക്കെടുതിയുടെ വ്യാപ്തി അറിയുന്നത്. ഇരിങ്ങാലക്കുടയുടെ വിവിധപ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം ഇനിയും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുമൂലം കുടിവെള്ളക്ഷാമവും രൂക്ഷമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.