കനോലികനാലും കാഞ്ഞിരപ്പുഴയും തിരിച്ചിറങ്ങുന്നു കൊടുങ്ങല്ലൂരിൽ 115 ക്യാമ്പുകളിൽ ലക്ഷത്തോളം പേർ

കൊടുങ്ങല്ലൂർ: ഭീതിജനകമായ രീതിയിൽ ജലനിരപ്പ് ഉയർന്ന് ദേശീയപാതയിലെത്തിയ കേനാലികനാലും കാഞ്ഞിരപ്പുഴയും കരയിലേക്ക് തള്ളിക്കയറുന്നതിന് ചെറിയ ശമനം. പ്രളയക്കെടുതിയിൽ ദുഷ്കരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് തീരദേശം. ഇൗ രണ്ട് പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ലക്ഷങ്ങളാണ് ദുരിതക്കയത്തിൽ അകപ്പെട്ടിരിക്കുന്നത്. ഇതിനകം കൊടുങ്ങല്ലൂർ താലൂക്കിൽ മാത്രം 115 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇൗ ക്യാമ്പുകളിൽ ഒരു ലക്ഷത്തോളം പേരുണ്ടാകുമെന്നാണ് അധികൃതരുടെ കണക്ക്. ഇതിൽ 20,000ത്തോളം പേർ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിയവരാണ്. മുകുന്ദപുരം താലൂക്കിലെ പടിയൂർ ഒലിയപ്പുറത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലും പേടിപ്പെടുത്തുംവിധം വെള്ളം ഉയർന്നതിനെത്തുടർന്ന് നിരവധി പേരെ ചാവക്കാട് നിന്ന് എൻജിൻ വള്ളം കൊണ്ടുവന്ന് രക്ഷപ്പെടുത്തി മതിലകത്തെ ക്യാമ്പുകളിൽ എത്തിച്ചു. കൊടുങ്ങല്ലൂർ നഗരത്തിൽ കിഴക്കുഭാഗത്തുനിന്ന് വെള്ളം കയറിനെതിനെത്തുടർന്ന് തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. എറണാകുളത്തുനിന്ന് കൊടുങ്ങല്ലൂരിലേക്കും വാഹനങ്ങൾ എത്തുന്നില്ല. കൊടുങ്ങല്ലൂർ - ഗുരുവായൂർ റൂട്ടിലും നാമമാത്രമാണ് ബസ് സർവിസ്. ഒേട്ടറെ യാത്രക്കാർ നഗരത്തിൽ കുടുങ്ങിയ അവസ്ഥയിലാണ്. ദേശീയപാതയിലും വാഹനങ്ങൾ കുറവാണ്. കച്ചവടസ്ഥാപനങ്ങൾ തുറന്നിട്ടില്ല. കൊടുങ്ങല്ലൂർ നഗരത്തിൽ എവിടെനോക്കിയാലും ദുരിതബാധിതരാണ്. വളർത്തുമാടുകളെ പോലും നഗരത്തിൽ ചിലയിടങ്ങളിലാണ് കൂട്ടത്തോടെ കെട്ടിയിട്ടിരിക്കുന്നത്. പെട്രോളും ഡീസലും കിട്ടാത്ത അവസ്ഥയാണ്. ടെലികമ്യൂണിക്കേഷൻ തകരാറും വലിയതോതിൽ അനുഭവപ്പെടുന്നുണ്ട്. ബാങ്കുകൾ പോലും അടഞ്ഞുകിടക്കുകയാണ്. സർക്കാർ പൊതുമേഖല സഥാപനങ്ങളുടെ പ്രവർത്തനങ്ങളും താളംതെറ്റിയ അവസ്ഥയിലാണ്. ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യവും വലിയതോതിൽ അനുഭവപ്പെടുന്നു. ആശുപത്രികളിൽ തിരക്കേറി. കുടിവെള്ള പ്രശ്നവും അനുഭവപ്പെടുന്നു. മലിനീകരണം ഉയർന്നതോടെ കടുത്ത രോഗഭീഷണിയും ഉയർന്നുകഴിഞ്ഞു. ഇതിനെല്ലാം ഇടയിൽ നൂറുകണക്കിന് സന്നദ്ധപ്രവർത്തകരാണ് ദുരിതബാധിതർക്ക് ആശ്വാസമേകാൻ അഹോരാത്രം പണിയെടുത്തുകൊണ്ടിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.