അഴീക്കോട്: പ്രളയം ദുരിതം വിതച്ച തീരമേഖലയിൽ വെള്ളപ്പൊക്കത്തിന് ശനിയാഴ്ചയും ശമനമായില്ല. വെള്ളിയാഴ്ച ചാലക്കുടിപ്പുഴയിലൂടെയും പെരിയാറിലൂടെയും ഇരച്ചെത്തിയ ജല പ്രവാഹം കാഞ്ഞിരപ്പുഴ ആനാപ്പുഴ ഭാഗത്ത് കരകവിഞ്ഞു. മേത്തല, അഴീക്കോട് ഗ്രാമങ്ങൾ വെള്ളിയാഴ്ച രാവിലെ മുതൽ പൂർണമായും വെള്ളത്തിലായി. മലവെള്ളപ്പാച്ചിലിന് വേലിയേറ്റ സമയത്ത് കടൽ പ്രതിരോധം തീർത്തതോടെ തിരിച്ചെത്തിയ വെള്ളം തീരമേഖലയിൽ വെള്ളപ്പൊക്കത്തിെൻറ വ്യാപ്തി വർധിപ്പിച്ചു. കരകവിഞ്ഞ് ഒഴുകിയ വെള്ളം നാലുഭാഗത്ത് നിന്നും വീടുകളിലേക്ക് എത്തിയതോടെ പ്രദേശവാസികൾ പ്രാണരക്ഷാർഥം കിട്ടിയ വാഹനങ്ങളിലും നടന്നും ദുരിതാശ്വാസ കേന്ദ്രങ്ങളിലും ബന്ധുവീടുകളിലും അഭയം തേടി. വീടുകളിൽ ഒറ്റപ്പെട്ടുപോയ പ്രായേണ അവശരും രോഗികളുമായവരെ ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. വെള്ളം പൊങ്ങി വാഹനങ്ങൾ റോഡിലിറക്കാൻ കഴിയാതെ വന്നതോടെ മൈസൂർ സ്വദേശികൾ മീൻ പിടിക്കുന്ന കുട്ടവഞ്ചികളും കുടിവെള്ളക്കുപ്പികൾ പ്ലാസ്്റ്റിക് ചാക്കുകളിൽ നിറച്ച് ഉണ്ടാക്കിയ താൽക്കാലിക ചങ്ങാടവുമാണ് രക്ഷാകവചമായത്. പ്രധാന റോഡിന് ഇരുവശവുമുള്ള സ്കൂളുകളും ഓഡിറ്റോറിയങ്ങളും, മദ്റസ ഹാളും ദുരിതബാധിതരെക്കൊണ്ട് നിറഞ്ഞതോടെ എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളുടെ തീരപ്രദേശങ്ങളിലും ക്യാമ്പുകൾ തുറന്നു. ആയിരക്കണക്കിനാളുകളാണ് ഇവിടങ്ങളിൽ അഭയാർഥികളായുള്ളത്. നാട്ടുകാരും സന്നദ്ധ സംഘടനകളും, ഉൾപ്പെടെ നിരവധി പേർ രക്ഷാപ്രവർത്തനങ്ങളിലും, ക്യാമ്പുകളിലും കർമനിരതരായുണ്ട്. ക്യാമ്പുകളിൽ ദുരിതബാധിതർ വർധിച്ചതോടെ ചിലയിടങ്ങളിൽ ഭക്ഷണത്തിനും പ്രയാസം നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.