ചാലക്കുടി: പ്രളയം ജില്ലയിൽ ഏറ്റവുമധികം നാശം വിതച്ച ചാലക്കുടിയുടെ പടിഞ്ഞാറൻ മേഖല വൻതകർച്ചയിൽ. ഈ മേഖലയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രക്ഷാപ്രവർത്തനം തുടരുകയാണ്. ചാലക്കുടിയിൽ നൂറോളം വീടുകൾ പൂർണമായും തകർന്നു. പെരിങ്ങൽക്കുത്ത് അണക്കെട്ടിെൻറ ആറ് ഷട്ടറുകളിൽ നാലെണ്ണത്തിൽ മരം വന്ന് അടഞ്ഞതിനാൽ ഷട്ടറുകൾ ഉയർത്താനോ താഴ്ത്താനോ കഴിയുന്നില്ല. വൻമരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ടെലിഫോൺ ബന്ധം ശനിയാഴ്ച ഉച്ചയോടെ ഭാഗികമായി പുനഃസ്ഥാപിച്ചത് രക്ഷാപ്രവർത്തനത്തെ സജീവമാക്കി. പലയിടത്തും വീടുകളിലും കെട്ടിടങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തി ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാനായിട്ടുണ്ട്. നഗരസഭയിൽ 31 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 7,000 പേരാണുള്ളത്. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് അൽപ താഴ്ന്നത് ആശ്വാസത്തിന് ഇടയാക്കി. പുഴയിൽ നിന്ന് കടവുകളിലെ റോഡുകളിലേക്ക് കയറിയ വെള്ളം പിൻവാങ്ങി. ചാലക്കുടി നഗരത്തിലും മാർക്കറ്റിലും മെയിൻ റോഡിലും വെള്ളം ഒഴിഞ്ഞു. അതേസമയം, കൂടപ്പുഴ-അതിരപ്പിള്ളി റോഡിലും റെയിൽവേ സ്റ്റേഷന് സമീപത്തെ മാള റോഡിലും കോട്ടാറ്റ് ഭാഗത്തും മെയിൻ റോഡിലെ പോട്ട ഭാഗത്തും വെള്ളക്കെട്ട് തുടരുന്നതിനാൽ നഗരം ഒറ്റപ്പെട്ട അവസ്ഥയിൽ തന്നെയാണ്. ശനിയാഴ്ച രാവിലെ മുതൽ ദേശീയപാത ചാലക്കുടി പാലത്തിലെ നിയന്ത്രണം മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ഭാഗികമായി മാത്രമാണ് സർവിസ് നടത്തുന്നത്. സ്വകാര്യ ബസ് സർവിസുകൾ പൂർണമായും നിർത്തി. പെട്രോൾ പമ്പുകളും കടകളും പൂട്ടികിടക്കുകയാണ്. ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.