മഴയോടും മണ്ണിനോടും യുദ്ധം ചെയ്​ത്​ 25 മണിക്കൂർ

വടക്കാഞ്ചേരി: വ്യാഴാഴ്ച ഉരുൾപ്പൊട്ടലിനെ തുടർന്ന് മണ്ണിനടിയിൽ അകപ്പെട്ടവരെ പുറത്തെത്തിക്കാനായി നാടൊന്നാകെ കുറാഞ്ചേരിയിലേക്ക് ഒഴുകി. മഴയോടും മണ്ണിനോടും ഇവർ യുദ്ധം ചെയ്തത് 25 മണിക്കൂറുകൾ. ഒടുവിൽ പക്ഷെ നിരാശയായിരുന്നു ഫലം. ഏഴുകാരൻ അനോഘ് ഉൾപ്പെടെ നാലുപേരുടെ ജീവനറ്റ ശരീരമാണ് തിരച്ചിൽ സംഘത്തിന് പുറത്തെടുക്കാനായത്. മൂന്നുപേർക്കായി തിരച്ചിൽ തുടരുന്നു. മരണം ഉരുൾപൊട്ടലി​െൻറ രൂപത്തിൽ എത്തിയ കുറാഞ്ചേരി ഇേപ്പാൾ ശ്മശാനമൂകം. മനസ്സിനെ മരവിപ്പിച്ച കാഴ്ച്ചകളാണ് രക്ഷാപ്രവർത്തകരെ എതിരേറ്റത്. സംഭവം നടന്ന വ്യാഴാഴ്ച രാവിലെ 6.45 മുതൽ നൂറുകണക്കിന് യുവാക്കളാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്. അകപ്പെട്ടവരെ രക്ഷിക്കുകയായിരുന്നു ആദ്യ ദൗത്യം. ആറു ജീവനുകളെ രക്ഷിക്കാൻ ഇവർക്കായി. പിന്നീട് വിറങ്ങലിച്ച 12 മൃതദേഹങ്ങളാണ് വ്യാഴാഴ്ച ലഭിച്ചത്. കനത്തമഴ രക്ഷാപ്രവർത്തനത്തിന് ഒരു ഘട്ടത്തിൽ തടസ്സമായി. രാവിലെ പെയ്ത മഴ വൈകീട്ട് ഏറെയായിട്ടും മാറിയില്ലെങ്കിലും രക്ഷാപ്രവർത്തകരുടെ ആത്മവിശ്വാസം കെടുത്താനായില്ല. സഹായത്തിന് 34 ടിപ്പർ ലോറികൾ രാപകലില്ലാതെ സർവിസ് നടത്തി. 10 മണ്ണുമാന്തി യന്ത്രങ്ങളും ഏഴു ഹിറ്റാച്ചികളും ഒരു ക്രെയിനും തിരച്ചിലിന് സഹായകമായി ഉണ്ടായിരുന്നു. 13 ആംബുലൻസുകൾ സജ്ജമാക്കി. നാട്ടുകാർക്കും ജനപ്രതിനിധികൾക്കുമൊപ്പം ഫയർഫോഴ്സും പൊലീസും നേതൃത്വം നൽകിയ രക്ഷാപ്രവർത്തനത്തിന് ആർമിയുടെ പ്രത്യേക സംഘവും എത്തിയിരുന്നു. സിറ്റി പൊലീസ് കമീഷണർ ജി.എച്ച്. യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. തൃശൂർ - ഷൊർണൂർ പാതയിൽ കഴിഞ്ഞ രണ്ടുദിവസമായി ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.