ചാലക്കുടി: മഴ ശക്തമായതോടെ ചാലക്കുടിപ്പുഴയിലെ ഡാമുകള്‍ വീണ്ടും ഒരുമിച്ച് തുറന്നു. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത് ചാലക്കുടിപ്പുഴയോരത്തെ മൂന്നാംതവണയും ദുരിതത്തിലേക്ക് തള്ളിവിട്ടു. ദുരിതാശ്വാസകേന്ദ്രത്തില്‍നിന്ന് മടങ്ങിയെത്തിയ ആളുകള്‍ വീണ്ടും ആശങ്കയിലായി. ഈ സീസണില്‍ ആറോളം തവണ ചാലക്കുടിപ്പുഴ കവിഞ്ഞൊഴുകിയിരുന്നു. എന്നാല്‍, മൂന്നാം തവണയാണ് ചാലക്കുടിപ്പുഴയോരത്ത് അപകടകരമായ നിലയിൽ വെള്ളം ഉയരുന്നത്. കഴിഞ്ഞ ആഴ്ച വെള്ളം കയറിയപ്പോള്‍ ഉപേക്ഷിച്ച വീട്ടില്‍ തിരിച്ചെത്തി മുറികളിലും ഉപകരണങ്ങളിലും വലിയ രീതിയില്‍ പറ്റിപ്പിടിച്ച ചെളി കഴുകി വൃത്തിയാക്കി വരുന്നതിനിടയിലാണ് വീണ്ടും അഴുക്കും ചെളിയുമായി വെള്ളപ്പൊക്കത്തിെൻറ വരവ്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറഞ്ഞിരുന്നുവെങ്കിലും ചൊവ്വാഴ്ച രാവിലെ മുതല്‍ വനമേഖലയിലും നാട്ടിന്‍പുറത്തും മഴ തിമിര്‍ത്തു പെയ്യുകയായിരുന്നു. ചാലക്കുടിപ്പുഴ നിറഞ്ഞ് കവിഞ്ഞതോടെ പുഴയിലേക്ക് ഒഴുകുന്ന തോടുകളും നിറഞ്ഞ് കവിഞ്ഞു. താഴ്ന്ന പ്രദേശത്തെ വയലുകളിലേക്കും പറമ്പുകളിലേക്കും വെള്ളം കയറുകയാണ്. ചാലക്കുടിയിലെ െറയില്‍വേ അടിപ്പാതയിൽ വീണ്ടും വെള്ളം നിറഞ്ഞതിനാൽ ഗതാഗതം മുടങ്ങി. പരിയാരം, കോടശേരി, മേലൂര്‍, കൊരട്ടി, കാടുകുറ്റി പഞ്ചായത്തുകളിലെ വീടുകളില്‍ വീണ്ടും വെള്ളം കയറി. പ്രധാന തോടുകളായ കപ്പത്തോട്ടിലും പറയന്‍തോട്ടിലും ചാത്തന്‍ചാലിലും കൊരട്ടിച്ചാലിലും വെള്ളം നിറഞ്ഞു കവിഞ്ഞു തുടങ്ങി. തിങ്കളാഴ്ച ഷോളയാറിലും പെരിങ്ങല്‍ക്കുത്തിലും പെയ്ത മഴ യഥാക്രമം 73 എം.എം., 52.7 എം.എം. ആയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഇത് ഇരട്ടിയിലധികമായി. ഡാം ഷട്ടറുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുറന്ന നിലയില്‍ തന്നെയായിരുന്നു. നീരൊഴുക്ക് കൂടിയതോടെ ഇത് കൂടുതല്‍ ഉയര്‍ത്തി. ഷോളയാര്‍ ഡാം 10 അടി ആണ് തുറന്നത്. പെരിങ്ങല്ക്കുത്തിെൻറ ഷട്ടറുകള്‍ സ്ലൂവീസ് വാല്‍വ് അടക്കം 91 എം.എം ആണ് തുറന്നത്. അപ്പര്‍ഷോളയാര്‍, പറമ്പിക്കുളം തുടങ്ങി തമിഴ്നാട്ടിലെ ഡാമുകളും തുറന്ന് ചാലക്കുടിപ്പുഴയിലേക്ക് വെള്ളമെത്തുന്നുണ്ട്. നീരൊഴുക്ക് ഇനിയും വര്‍ധിച്ചാല്‍ പെരിങ്ങല്‍ക്കുത്ത് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കാം. സഞ്ചാരികളുടെ സുരക്ഷ മുന്‍നിര്‍ത്തി അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ മൂന്നാം തവണയും അടച്ചു. വിരിപ്പാറയിൽ സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ സംവിധാനമില്ല ചാലക്കുടി: പരിയാരത്തെ ചക്രപാണിക്ക് സമീപം വിരിപ്പാറയില്‍ ചാലക്കുടിപ്പുഴ അങ്ങേയറ്റം അപകടകരമായി വിരിഞ്ഞൊഴുകുകയാണെങ്കിലും സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ സംവിധാനമില്ല. അതിരപ്പിള്ളിയിലും വാഴച്ചാലിലും വെള്ളം അധികമാകുമ്പോള്‍ സഞ്ചാരികളെ നിയന്ത്രിക്കാന്‍ വനപാലകരും വനസംരക്ഷണസമിതിയും ഉണ്ടെങ്കിലും അപകടകരമായ ഇവിടെ മുന്നറിയിപ്പ് നല്‍കാനോ നിയന്ത്രിക്കാനോ അധികൃതരില്ല. ഒറ്റപ്പെട്ട വീടുകളും റിസോര്‍ട്ടുകളും ഉള്ള ഇവിടെ റോഡും പരിസരവും വിജനമാണ്. അപകടത്തില്‍പെട്ടാല്‍ രക്ഷിക്കാനും ആരുമില്ല. ചാലക്കുടിപ്പുഴയുടെ ഏറ്റവും വിസ്തൃതിയുള്ള മേഖലകളില്‍ ഒന്നാണിത്. പരന്നുകിടക്കുന്ന പാറക്കെട്ടിലൂടെയാണ് പുഴ ഇവിടെ ഒഴുകുന്നത്. സാധാരണഗതിയില്‍ ഇതിെൻറ നാലിലൊന്ന് വീതിയില്‍ മാത്രമെ പുഴ ഒഴുകാറുള്ളൂ. അധികം കാലുഷ്യങ്ങളില്ലാതെ ഓളങ്ങളിളക്കി പോകുന്ന ചാലക്കുടിപ്പുഴയുടെ ആകര്‍ഷണീയമായ സൗന്ദര്യം ചെറുമലനിരകളുടെ പശ്ചാത്തലത്തില്‍ തെളിയുന്ന ദൃശ്യമാണ് പലരെയും ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഒറ്റനോട്ടത്തിലെ വെള്ളത്തിെൻറ വശ്യഭംഗി കണ്ട് ഇറങ്ങിയാല്‍ പാറക്കെട്ടിൽ വഴുക്കലുള്ളതിനാല്‍ ശക്തമായ ഒഴുക്കില്‍ പെട്ടുപോകും എന്നതിനാല്‍ അങ്ങേയറ്റം അപകടകരമാണിവിടം. എന്നാല്‍, സാഹസികപ്രിയരായ യുവാക്കള്‍ ഇവിടെ വന്നുപോകുന്നുണ്ട്. വെള്ളം അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ അതിരപ്പിള്ളിയിലെ കവാടം അടച്ചതുപോലെ ഇവിടേക്കുള്ള റോഡും ഉടന്‍ നിയന്ത്രിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.