തൃപ്രയാർ: രോഗപീഡയിൽ കഴിയുന്ന കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡൻറ് കെ.കെ. രാധാകൃഷ്ണന് മറക്കാനാകാത്ത ദിവസമായിരുന്നു ഞായറാഴ്ച. മന്ത്രിമാരുൾപ്പെടുന്ന സുഹൃത്തുക്കളുടെയും ശിഷ്യന്മാരുടെയും അപൂർവ ഒത്തുചേരലിനാണ് രാധാകൃഷ്ണെൻറ നാട്ടിക പള്ളം ബീച്ചിലെ വീട് വേദിയായത്. സംസാരശേഷി നഷ്ടപ്പെട്ടും ശരീര തളർച്ചയുടെ അവശതയിലും വീട്ടിൽ ഒതുങ്ങിക്കഴിയുകയാണ് ഒരു കാലത്ത് കേരള രാഷ്ട്രീയത്തിലെ ഉജ്ജ്വല വാഗ്മിയെന്നറിയപ്പെട്ടിരുന്ന രാധാകൃഷ്ണൻ. അഞ്ചുമാസം മുമ്പ് ആലുവയിൽ ചേർന്ന സുഹൃദ് വേദിയുടെ യോഗത്തിലാണ് ആഗസ്റ്റ് അഞ്ചിന് രാധാകൃഷ്ണനൊപ്പം ഒത്തുചേരാൻ തീരുമാനമെടുത്തത്. ഉച്ചയോടെയാണ് തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും എത്തിയത്. ഇതിനകം തന്നെ വീട്ടിൽ മറ്റു പ്രമുഖ നേതാക്കളെത്തിയിരുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തെൻറ കഴുത്തിലുള്ള ഷാൾ രാധാകൃഷ്ണനെ അണിയിച്ച് കെട്ടിപ്പിടിച്ചാണ് അഭിവാദ്യം ചെയ്തത്. കുടുംബസംഗമമാണിതെന്നും ഇപ്പോഴത്തെ കേരള രാഷ്ട്രീയത്തിന് ഉൗർജമാണ് കൂട്ടായ്മയെന്നും തുടർന്ന് നടന്ന സ്നേഹസംഗമത്തിൽ അദ്ദേഹം പറഞ്ഞു. ഉജ്ജ്വലമായ രാഷ്ട്രീയ സംസ്കൃതിയുടെ നേതൃത്വമായിരുന്നു രാധാകൃഷ്ണനെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ കൈകളുയർത്തി അലറിയ ആൾ രൂപമാണ് രാധാകൃഷ്ണനെന്ന് മുൻ മന്ത്രി വി.സി. കബീർ അഭിപ്രായപ്പെട്ടു. സുഹൃദ് വേദിയുടെ ഓണോപഹാരമായ ലക്ഷം രൂപ മുതിർന്ന നേതാവ് പി.സി. ചാക്കോ രാധാകൃഷ്ണന് സമ്മാനിച്ചു. 1970കളിൽ വിദ്യാർഥി രാഷ്ട്രീയത്തിൽ ഉജ്ജ്വല ശബ്ദവും നക്ഷത്ര ശോഭയുമായിരുന്നു രാധാകൃഷ്ണനെന്ന് ചാക്കോ പറഞ്ഞു. വ്യവസായ പ്രമുഖൻ എം.എ. യൂസഫലി അഞ്ചുലക്ഷം, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽനിന്ന് രണ്ടു ലക്ഷം, നാട്ടിക പഞ്ചായത്ത് എന്നിവരുടെ സഹായത്തോടെയാണ് രാധാകൃഷ്ണന് വീടുയർന്നത്. സംഘാടകരായ പി. നാരായണൻ, എം.ജെ. ബാബു, കെ.ആർ. രാജൻ എന്നിവരാണ് കാസർകോടു മുതൽ പാറശ്ശാല വരെയുള്ള സുഹൃത്തുക്കളെ കെ.കെ. രാധാകൃഷ്ണെൻറ വീട്ടിലെത്തിച്ചത്. ഗീത ഗോപി എം.എൽ.എ, പി. ബാലഗോപാൽ, പോൾസി ജോസഫ്, ശശീധരൻ മുള്ളോലി, എൻ.വി. സന്തോഷ്, എ.വി. വല്ലഭൻ, പി.കെ. ജോൺ, കെ.കെ. പ്രദീപ്, സി.ആർ. വത്സൻ എന്നിവർ പങ്കെടുത്തു. പി. നാരായണൻ സ്വാഗതവും കെ.ആർ. രാജൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.