ദേശീയ പാത വികസന ഇരകളുടെ മാർച്ച്​ പൊലീസ്​ തടഞ്ഞു; നിവേദനം സ്വീകരിക്കാൻ എം.എൽ.എ തയാറായില്ലെന്ന്​ ആക്ഷേപം

ചാവക്കാട്: ദേശീയപാത വികസനമെന്ന പേരിൽ നിർമിക്കുന്ന ചുങ്കപ്പാതക്കു വേണ്ടി നടത്തുന്ന ഭൂസർവേ ഉടൻ നിർത്തിവെക്കുക, കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവരുമായി സർക്കാർ ചർച്ചക്ക് തയാറാകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയപാത വികസനത്തി​െൻറ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവർ സംഘടിപ്പിച്ച മാർച്ച് പൊലീസ് തടഞ്ഞു. നിവേദനവുമായി പോയ ഇരകളെയും ആക്ഷൻ കൗൺസിൽ ഭാരവാഹികളെയും കാണുവാൻ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ തയാറായില്ല. നിവേദക സംഘത്തിലെ ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദലി, മേഖല ചെയർമാൻ വി. സിദ്ദീഖ് തുടങ്ങിയവരാണ് എം.എൽ.എയെ കാണാൻ ശ്രമിച്ചത്. ആരേയും കാണാനും നിവേദനം കൈപ്പറ്റാനും തയാറല്ലെന്ന് എം.എൽ.എ അറിയിച്ചതായി പ്രകടനം തടഞ്ഞ ചാവക്കാട് സി.ഐ ജി. ഗോപകുമാർ ഇരകളെ അറിയിച്ചു. എം.എൽ.എയെ കണാൻ ഒരാളെപ്പോലും അനുവദിക്കില്ലെന്നും നിഷേധിച്ചാൽ മുഴുവനാളുകൾക്കും എതിരെ കേസെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. അയൽവാസികളെയും നാട്ടുകാരെയും അവഗണിച്ച എം.എൽ.എയുടെ തീരുമാനത്തിനെതിരെ ഇരകൾ പ്രതിഷേധ യോഗം നടത്തി. മേഖല കൺവീനർ വി. സിദ്ദീഖ് ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ നിലപാട് അപലപനീയമാണെന്നും ജനങ്ങളുടെ വോട്ടുവാങ്ങി അധികാരത്തിലേറിയ ആൾ അവരുടെ നിവേദനം പോലും കൈപ്പറ്റാൻ വിമുഖത കാണിക്കുന്നത് ഒരു ജനപ്രതിനിധിയെന്ന നിലയിൽ ഭൂഷണമല്ലെന്നും മുഹമ്മദലി പറഞ്ഞു. ടോൾ റോഡിനെതിരെ തമിഴ്നാട്ടിൽ സമരം ചെയ്യുകയും കേരളത്തിൽ ടോൾ പാതക്ക് വേണ്ടി ജനങ്ങളെ ബലമായി കുടിയൊഴിപ്പിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് സി.പി.എം അനുവർത്തിക്കുന്നത്. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന ജനങ്ങൾ നടത്തുന്ന സമരത്തിനൊപ്പം നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അണിനിരത്തിക്കൊണ്ട് സർവേ നടപടി ശക്തമായി തടയുന്നത് ഉൾപ്പെടെയുള്ള സമരപരിപാടി ഊർജിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാലിയേക്കര ടോൾ വിരുദ്ധ സമിതി കൺവീനർ പി.ജെ. മോൻസി, പ്രവാസി ആക്ഷൻ കൗൺസിൽ പ്രസിഡൻറ് കെ.കെ. ഹംസക്കുട്ടി, ആക്ഷൻ കൗൺസിൽ ജില്ല കൺവീനർ സി.കെ. ശിവദാസൻ, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി കെ.എസ്. നവാസ്, ദേശീയപാത സംരക്ഷണ സമിതി നേതാവ് എൻ.ടി. വേണു, എസ്.ഡി.പി.ഐ നിയോജക മണ്ഡലം പ്രസിഡൻറ് ടി.എം. അക്ബർ, ജനകീയ പ്രതിരോധ സമിതി നേതാവ് സി.വി. പ്രേംരാജ്, വെൽഫെയർ പാർട്ടി പുന്നയൂർക്കുളം പഞ്ചായത്ത് സെക്രട്ടറി വി. അബ്ദുസമദ്, താലൂക്ക് മേഖല കൺവീനർ സി. ഷറഫുദ്ദീൻ, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ കൂർക്കപറമ്പിൽ സുകുമാരൻ, ഉസ്മാൻ അണ്ടത്തോട്, വി. മായിൻകുട്ടി അണ്ടത്തോട്, ശിഹാബ് ഒരുമനയൂർ, പി.കെ. നൂറുദ്ദീൻ, മുഹമ്മദാലി ഹാജി, ലൈല സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.