ആമ്പല്ലൂരിൽ പാടത്തേക്ക് മലിനജലം ഒഴുക്കിയ ഹോട്ടലിന് പിഴയിട്ടു

ആമ്പല്ലൂര്‍: പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലിൽനിന്ന് മലിനജലം പാടത്തേക്ക് ഒഴുക്കുന്നതായി കണ്ടെത്തി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നെന്‍മണിക്കര പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മലിനജലം പുറത്തേക്കൊഴുക്കുന്നത് കണ്ടെത്തിയത്. ആര്യാസ് ഹോട്ടലിൽനിന്നാണ് മലിനജലം പുറത്തേക്ക് ഒഴുകുന്നതായി കണ്ടെത്തിയത്. ഹോട്ടലിലെ അടുക്കള മാലിന്യങ്ങള്‍ നിറഞ്ഞ മലിനജലം പൈപ്പിലൂടെ സമീപത്തുള്ള പാടത്തേക്ക് ഒഴുക്കിവിടുകയായിരുന്നു. ഈ മലിനജലം പാടത്തെ നീര്‍ച്ചാലുകളിലൂടെ മണലിപ്പുഴയിലേക്കാണ് എത്തുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഷീല മനോഹരന്‍ പറഞ്ഞു. മലിനജലം പുറത്തേക്കൊഴുക്കിവിട്ടതിന് ഹോട്ടലിനെതിരെ പഞ്ചായത്ത് 25,000 രൂപ പിഴ ചുമത്തി. മലിനജലം പുറത്തേക്ക് ഒഴുക്കാന്‍ സ്ഥാപിച്ചിരുന്ന പൈപ്പ് അധികൃതര്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കി. ജലസ്രോതസ്സുകള്‍ മലിനമാക്കുന്ന രീതിയില്‍ മലിനജലം പുറത്തേക്ക് തുറന്നുവിട്ട ഹോട്ടല്‍ അധികൃതര്‍ക്ക് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. കഴിഞ്ഞവര്‍ഷം സമാന രീതിയില്‍ മലിനജലം പാടത്തേക്ക് ഒഴുക്കിവിട്ടതിന് ഈ ഹോട്ടലിനെതിരെ പഞ്ചായത്ത് സ്്റ്റോപ് മെമ്മോ നല്‍കിയിരുന്നു. അധികൃതരുടെ നിര്‍ദേശപ്രകാരം ഹോട്ടലില്‍ സംസ്‌കരണ പ്ലാൻറ് സ്ഥാപിച്ചെങ്കിലും പ്ലാൻറ് പ്രവര്‍ത്തിപ്പിക്കാതെ മലിനജലം പുറത്തേക്ക് ഒഴുക്കിക്കളയുകയാണ് ചെയ്യുന്നത്. ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നുള്ള മലിനജലം മണലിപ്പുഴയില്‍ എത്തുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് പരിശോധന ശക്തമാക്കിയിരുന്നു. ദേശീയപാതയിലെ കാനകളില്‍നിന്നും ഒഴുകിയെത്തുന്ന മലിനജലം പുഴയില്‍ കലരുന്നതായും അധികൃതര്‍ കണ്ടെത്തി. ടോള്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് മുമ്പ് സ്ഥാപിച്ചിരുന്ന പൈപ്പുകള്‍ നീക്കം ചെയ്യാന്‍ ദേശീയപാത അതോറിറ്റിക്ക് കത്ത് നല്‍കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി എം. വിജയലക്ഷ്മി, വൈസ് പ്രസിഡൻറ് കെ.എം. ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. നന്തിക്കരയിൽ മൂന്നുകാറുകൾ കൂട്ടിയിടിച്ചു ആമ്പല്ലൂര്‍: ദേശീയപാത നന്തിക്കരയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചു. ചാലക്കുടി ഭാഗത്തേക്ക് പോയിരുന്ന കാറുകളാണ് അപകടത്തിൽപെട്ടത്. മുന്നില്‍ പോയിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണം. ആര്‍ക്കും പരിക്കില്ല. പുതുക്കാട് െപാലീസ് സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.