തൂക്കക്കുറവ്, മാസം തികയാതെയുള്ള പ്രസവം തുടങ്ങി അതീവ പരിചരണം ആവശ്യമുള്ളവരുമായ ശിശുക്കള്‍ക്ക് മികച്ച ചികിത്സ

തൃശൂർ: നവജാത ശിശു ചികിത്സക്കായി ഗവ. മെഡിക്കല്‍ കോളജില്‍ ആരംഭിക്കുന്ന വിഭാഗത്തിൽ അഞ്ച് വിദഗ്ധരുടെ തസ്തിക അനുവദിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ഒരു അസോസിയേറ്റ് പ്രഫസറും രണ്ട് വീതം അസിസ്റ്റൻറ് പ്രഫസര്‍, സീനിയര്‍ റസിഡൻറ് തസ്തികകളുമാണ് അനുവദിച്ചത്. തൂക്കക്കുറവുള്ളതും മാസം തികയാതെ പ്രസവിക്കുന്നതും അതീവ പരിചരണം ആവശ്യമുള്ളവരുമായ ശിശുക്കള്‍ക്ക് മികച്ച ചികിത്സയും പരിചരണവും നല്‍കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായിട്ടാണ് പ്രത്യേകമായി നവജാതശിശു വിഭാഗം ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പാലക്കാട്, മലപ്പുറം ജില്ലകളിലെ രോഗികളുടെ അഭയ കേന്ദ്രംകൂടിയാണ് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ്. 2006 മുതല്‍ കുട്ടികള്‍, നവജാത ശിശു എന്നീ വിഭാഗങ്ങളിലായി രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ഒരു വര്‍ഷം ശരാശരി 26,000 രോഗികള്‍ ശിശുരോഗ വിഭാഗത്തില്‍ ചികിത്സക്ക് എത്തുന്നുണ്ട്. നാലായിരത്തോളം കിടത്തി ചികിത്സ ആവശ്യമുള്ള രോഗികളില്‍ ആയിരത്തിഇരുനൂറോളം നവജാത ശിശുക്കളാണ്. ശിശുരോഗ വിഭാഗത്തില്‍ 2007ല്‍ രണ്ട് വിദ്യാര്‍ഥികളോടെ ബിരുദാനന്തര ബിരുദ കോഴ്‌സ് ആരംഭിച്ചു. 2016ല്‍ വിദ്യാർഥികളുടെ എണ്ണം ഒമ്പതായി. എന്നാല്‍ ഇതിന് ആനുപാതികമായി അധ്യാപക തസ്തിക വർധിപ്പിച്ചില്ല. ഇൗ കുറവുകൂടി പരിഹരിക്കാനാണ് പുതിയ തസ്തിക സൃഷ്ടിച്ചത്. മെഡിക്കല്‍ കോളജിലെ നവജാതശിശു വിഭാഗം ഐ.സി.യു വ​െൻറിലേറ്ററോടുകൂടിയ ലെവല്‍-മൂന്ന് കേന്ദ്രമാണ്. മാസം തികയാത്ത കുഞ്ഞുങ്ങള്‍ക്ക് ചൂട് നല്‍കാൻ റേഡിയൻറ് വാമർ, ഇൻകുബേറ്റർ, കൃത്രിമ ശ്വാസം നല്‍കാൻ വ​െൻറിലേറ്റർ എന്നിവ സജ്ജമാണ്. ഒമ്പത് വ​െൻറിലേറ്ററും നൂതന സാങ്കേതിക വിദ്യയുള്ള ഒരു ഹൈ ഫ്രീക്വന്‍സി വ​െൻറിലേറ്ററുമുണ്ട്. തീരെ മാസം തികയാത്ത നവജാത ശിശുക്കളുടെ ശ്വാസകോശം വികസിക്കില്ല. അത്തരം കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക ചികിത്സയും ലഭ്യമാണ്. ചെലവേറിയ ഈ ചികിത്സ ഇവിടെ സൗജന്യമായാണ് നൽകുന്നത്. ജനിച്ച് കരയാന്‍ താമസിക്കുക, ശ്വാസ തടസ്സം, കുഞ്ഞുങ്ങളിലെ മഞ്ഞപ്പിത്തം, ജന്മനാലുള്ള വൈകല്യം, ഹൃദയത്തി​െൻറ പ്രവർത്തന തടസ്സം തുടങ്ങിയ അസുഖങ്ങൾക്കും കുഞ്ഞുങ്ങള്‍ക്ക് പരിചരണം ലഭ്യമാണ്. നവജാത ശിശുക്കള്‍ക്ക് പരിചരണം ഉറപ്പാക്കുന്നതിനായി അത്യാധുനിക സാങ്കേതിക വിദ്യയോടുകൂടിയ ഉപകരണങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ഇവയുടെ ശരിയായ ഉപയോഗം ഉറപ്പാക്കാൻ കൂടിയാണ് പുതിയ വിഭാഗം തുടങ്ങിയത്. തൃശൂര്‍ മെഡിക്കല്‍ കോളജിനെ മികവി​െൻറ കേന്ദ്രമാക്കാൻ സര്‍ക്കാര്‍ നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. കാര്‍ഡിയോ തൊറാസിക്, സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗങ്ങൾ തുടങ്ങി. കാത്ത് ലാബ് അനുവദിച്ചു. കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് വിഭാഗങ്ങളിലായി 33 തസ്തികയും ഓങ്കോളജി വിഭാഗത്തിൽ 21 തസ്തികയും അനുവദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.