അതിരപ്പിള്ളി വിനോദ സഞ്ചാരകേന്ദ്രം വീണ്ടും തുറന്നു

അതിരപ്പിള്ളി: കനത്ത മഴയിൽ ചാലക്കുടിപ്പുഴയില്‍ അപകടകരമായി വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് അടച്ച അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വ്യാഴാഴ്ച വീണ്ടും തുറന്നു. പക്ഷെ, സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ കുറവാണ് അനുഭവപ്പെട്ടത്. വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് അടച്ച തുമ്പൂര്‍മുഴിയിലെ കുട്ടികളുടെ പാര്‍ക്കും തുറന്നു. അതിരപ്പിള്ളി മേഖലയിലെ വാട്ടര്‍ തീം പാര്‍ക്കുകളിലും പൊതുവേ സന്ദര്‍ശകര്‍ കുറഞ്ഞിരുന്നു. ചാലക്കുടിപ്പുഴയില്‍ അനിയന്ത്രിതമായി വെള്ളമുയര്‍ന്നതിനെത്തുടര്‍ന്ന് സന്ദര്‍ശകരില്‍ ഉയര്‍ന്ന ആശങ്കയാണ് സഞ്ചാരികള്‍ കുറയാൻ കാരണം. അതേസമയം പുഴയിൽ ബുധനാഴ്ചയോടെ വെള്ളമിറങ്ങി സാധാരണനിലയിലായി. അതിരപ്പിള്ളി, വാഴച്ചാല്‍ എന്നിവിടങ്ങളിലെ വെള്ളച്ചാട്ടങ്ങളിലെ അപകടകരമായ പ്രവാഹം കുറഞ്ഞു. എങ്കിലും പുഴയിലേക്കും വെള്ളച്ചാട്ടങ്ങളുടെ അടുത്തേക്കും ആരെയും പോകാന്‍ അനുവദിച്ചില്ല. ചാര്‍പ്പ വെള്ളച്ചാട്ടം സാധാരണനിലയിലാണ്. ചാര്‍പ്പ പാലം വഴി വാഹനങ്ങള്‍ കടത്തി വിട്ടു തുടങ്ങി. എന്നാല്‍ പാലത്തിന് കേടുസംഭവിച്ചതായി സംശയിക്കുന്നതിനാല്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് വെള്ളച്ചാട്ടം ആസ്വദിക്കാന്‍ ആരെയും അനുവദിക്കുന്നില്ല. പാലത്തില്‍ ഉദ്യോസ്ഥര്‍ പരിശോധന നടത്തിയിരുന്നു. പുതിയ പാലത്തിന് സമീപം ചെറിയ മണ്ണിടിച്ചില്‍ ഉണ്ട്. അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തുമെന്നാണ് കരുതുന്നത്. വാഴച്ചാലിന് മുകളിലുള്ള വനമേഖലയിലേക്ക് വാഹനങ്ങള്‍ കടത്തി വിടുന്നത് നിരോധിച്ചിരിക്കുകയാണ്. അതിര്‍ത്തിയായ മലക്കപ്പാറയിലും വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുമ്പൂര്‍മുഴിയിലെ തൂക്കുപാലം കെല്ലിലെ ഉദ്യോഗസ്ഥര്‍വന്ന് സുരക്ഷ പരിശോധന നടത്തി. വെള്ളപ്പാച്ചില്‍ തൂക്കുപാലത്തെ സ്പര്‍ശിക്കാത്തതിനാല്‍ അതിന് ഒരു വിധത്തിലുള്ള പ്രശ്‌നവും ബാധിച്ചില്ലെന്ന് വിലയിരുത്തി. ആദ്യമായാണ് അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് അടച്ചിടേണ്ടി വന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.