ചാലക്കുടിപ്പുഴയിലേക്കുള്ള മലവെള്ളപ്പാച്ചിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ കരുതല്‍ വേണം

ചാലക്കുടി: ചാലക്കുടിപ്പുഴയിലെ ഡാമുകള്‍ പൂര്‍ണമായും നിറഞ്ഞ സാഹചര്യത്തില്‍ ഇവ പെട്ടെന്ന് ഒരുമിച്ച് കീഴ്ത്തടങ്ങളിലേക്ക് തുറന്നു വിടുന്ന പ്രവണത ഒഴിവാക്കണമെന്ന് ആവശ്യമുയരുന്നു. മഴ ശക്തമാകുന്നതോടെ ഡാമുകളെല്ലാം ഒരുമിച്ച് തുറന്നാലുണ്ടാകുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കും. ഇത് ഒഴിവാക്കാന്‍ ഡാമുകള്‍ പൂര്‍ണമായ സംഭരണശേഷിയുടെ ഒരടി താഴെയായി നിലനിര്‍ത്തണമെന്നാണ് ചാലക്കുടിപ്പുഴയോരത്തെ ജനങ്ങളുടെ ആവശ്യം. ഡാമുകള്‍ എപ്പോള്‍ തുറക്കണമെന്ന് തീരുമാനിക്കുന്നത് കെ.എസ്.ഇ.ബി.യിലെ ഡാം സുരക്ഷ ഉദ്യോഗസ്ഥരാണ്. വെള്ളം വൈദ്യുതോൽപാദനത്തിനായി കരുതി വെക്കേണ്ടതിനാല്‍ പൂർണമായും നിറയുമ്പോള്‍ മാത്രം തുറന്നുവിടുന്ന നയമാണ് തുടരുന്നത്. ഒരുമിച്ച് ഡാമുകള്‍ തുറക്കുന്നത് വലിയ ദുരന്തസാധ്യതയാണ് സൃഷ്ടിക്കുക. ചൊവ്വാഴ്ച ചാലക്കുടിപ്പുഴയില്‍ സംഭവിച്ച മലവെള്ളപ്പാച്ചില്‍ ഇതി​െൻറ മുന്നറിയിപ്പാണ്. പെരിങ്ങല്‍കുത്ത്, ഷോളയാര്‍, അപ്പര്‍ഷോളയാര്‍, പറമ്പിക്കുളം, ആളിയാര്‍ തുടങ്ങി ചാലക്കുടിപ്പുഴയുമായി ബന്ധപ്പെട്ട ആറ് ഡാമുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം പൂര്‍ണമായി നിറഞ്ഞ നിലയിലാണ്. ചൊവ്വാഴ്ച ചാലക്കുടിപ്പുഴ അധികൃതരുടെ കണക്കൂകൂട്ടലുകൾ തെറ്റിച്ചു. പദ്ധതി പ്രദേശത്ത് തൊട്ടുമുമ്പത്തെ ദിവസം 54 എം.എം മഴ മാത്രമേ പെയ്തിരുന്നുള്ളൂ. പെരിങ്ങല്‍ക്കുത്ത് 59 അടിയോളം തുറന്നിരുന്നു. പക്ഷേ, പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ പ്രതികരണമാണ് ഇത് പുഴയില്‍ സൃഷ്ടിച്ചത്. അപ്രതീക്ഷിതമായ ജലപ്രവാഹം കണ്ട് നടുങ്ങി നില്‍ക്കുകയായിരുന്നു പുഴയോരത്തെ ജനങ്ങള്‍. വാഴച്ചാലിലും അതിരപ്പിള്ളിയിലും വെള്ളച്ചാട്ടങ്ങള്‍ക്ക് വിനാശകരമായ രൂപവും ഭാവവുമായിരുന്നു. ചാലക്കുടിപ്പുഴയിലേക്ക് ഒഴുകുന്ന പരിയാരത്തെ കപ്പത്തോടിലേക്ക് വെള്ളം തിരിച്ചൊഴുകുകയെന്ന അപൂര്‍വ പ്രതിഭാസവുമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.