തൃശൂർ: സ്വരാജ് റൗണ്ടിലിറങ്ങിയ 'വില്ലുണ്ണി' എന്നു പേരുള്ള പാമ്പിനെ ആദ്യം കണ്ടവരുടെ മുഖത്ത് ഭയം മിന്നിമറഞ്ഞു. അകത്തെ ഭയത്താൽ പലരും അകന്നു നിന്ന് അതിനെ വീക്ഷിച്ചു. പതിയെ വില്ലുണ്ണിക്ക് ആരാധകർ കൂടിത്തുടങ്ങി. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സ്വരാജ് റൗണ്ടിലിറങ്ങിയ പാമ്പ് യാത്രക്കാരേയും വാഹനങ്ങളെയും വട്ടം കറക്കിയത്. ജോസ് തിയറ്ററിന് സമീപത്തുനിന്നെത്തിയ പാമ്പ് റോഡിലേക്കിറങ്ങി. ഇത് കണ്ട് ആളുകൾ പരിഭ്രാന്തിയിലായി. വിഷമുള്ള പാമ്പാണെന്ന് പലരും പറഞ്ഞതോടെ ആളുകളുടെ മനസ്സിൽ വില്ലുണ്ണി വില്ലനായി. തേക്കിൻകാടിലേക്ക് കടക്കാൻ റോഡിലേക്കിറങ്ങിയതോടെ വാഹനങ്ങളെ കണ്ട് പാമ്പും പരിഭ്രാന്തിയിലായി. കാഴ്ചക്ക് ആളുകൂടിയതോടെ റൗണ്ടിലെ ഗതാഗതവും താളം തെറ്റി. അതിനെ കൊല്ലൂ എന്ന് പലരും വിളിച്ചുകൂവുന്നത് കേൾക്കാമായിരുന്നു. ഇതിനിടെ സമീപത്തെ ബൈക്കിെൻറ സീറ്റിനുള്ളിലേക്ക് പാമ്പ് കയറി. ഇതോടെ പൊലീസ് പാഞ്ഞെത്തി. പിറകെ വനംവകുപ്പും. ഏറെ നേരം ശ്രമിച്ചുവെങ്കിലും പാമ്പിനെ ബൈക്കിനുള്ളിൽനിന്ന് പുറത്തേക്കിറക്കാൻ കഴിഞ്ഞില്ല. ഒടുവിൽ പറവട്ടാനി ഫോറസ്ട്രി ഓഫിസിലേക്ക് വിവരം അറിയിച്ചതനുസരിച്ച് താൽക്കാലിക ജീവനക്കാരനും വന്യജീവി സംരക്ഷണ പ്രവർത്തകനുമായ ജോജു മുക്കാട്ടുകര സ്ഥലത്തെത്തി. 20 മിനിറ്റ് നടത്തിയ പരിശ്രമത്തിനൊടുവിൽ വില്ലുണ്ണി കീഴടങ്ങി. അപ്പോഴാണ് അറിയുന്നത് ഇതൊരു പാവത്താൻ പാമ്പാണെന്ന്. വിഷമില്ലാത്ത ഇവ പക്ഷികളടക്കമുള്ള ചെറുജീവികളെയാണ് ഇരകളാക്കുന്നത്. കൂടി നിന്നവർക്കെല്ലാം അപ്പോഴാണ് ആശ്വാസമായത്. ഇതിനെയാണല്ലോ നമ്മൾ ഇത്രനേരം വില്ലനാക്കിയതെന്ന ഭാവത്താൽ വില്ലുണ്ണിയെ സ്നേഹത്തോടെ നോക്കി യാത്ര പറഞ്ഞു. വനം വകുപ്പ് പാമ്പിനെ കുപ്പിയിലാക്കി കൊണ്ടുപോകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.